ചിരാഗ് ഉപമുഖ്യമന്ത്രിയാകുമോ? ബിഹാറിൽ മന്ത്രിസഭ ചർച്ച തുടങ്ങി
text_fieldsപട്ന: അവസാന നിമിഷം ബി.ജെ.പി അട്ടിമറിച്ചില്ലെങ്കിൽ ബിഹാറിൽ നിതീഷ് കുമാർ പത്താം തവണയും മുഖ്യമന്ത്രിയാകും. നവംബർ 19നോ 20നോ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ മുൻനിര നേതാക്കളെയെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കാനാണ് എൻ.ഡി.എ നീക്കം.
അടുത്ത വർഷം പശ്ചിമബംഗാൾ, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ മുന്നണിയിലെ ഐക്യവും കരുത്തും പ്രകടിപ്പിക്കാൻ അവർ ലക്ഷ്യമിടുന്നു. ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രിയാകുമോ എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിതീഷ് കുമാർ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരാണുണ്ടായിരുന്നത്. ബി.ജെ.പി നേതാക്കളായ സമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും.
സമ്രാട്ട് ചൗധരി തുടരുമെന്നാണ് കരുതുന്നത്. വിജയ് കുമാർ സിൻഹയെ മാറ്റി പുതിയൊരാളെ നിയോഗിക്കാൻ സാധ്യതയുണ്ട്. സിൻഹയെ പോലെ മേൽജാതിയിൽനിന്നുള്ള മറ്റൊരാളെ കൊണ്ടുവരുമോ അതോ ഈ തെരഞ്ഞെടുപ്പിലെ താരമായ ചിരാഗ് പാസ്വാനെ ഉപമുഖ്യമന്ത്രിയാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. നിലവിൽ കേന്ദ്ര മന്ത്രിയായ ചിരാഗിന് ബിഹാറിലേക്ക് പ്രവർത്തന മണ്ഡലം മാറ്റാനും താൽപര്യമുണ്ട്.
2030ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുന്നതാണ് ചിരാഗിന്റെ സ്വപ്നം. 29 സീറ്റിൽ മത്സരിച്ച് 19 ഇടത്ത് ജയിച്ച ചിരാഗ് പാസ്വാന്റെ എൽ.ജെ.പി (ആർ.വി) എൻ.ഡി.എയുടെ കുതിപ്പിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിധേയത്വം പ്രഖ്യാപിച്ച ചിരാഗിനോട് ബി.ജെ.പിക്കും താൽപര്യമുണ്ട്.
മന്ത്രിസഭ രൂപവത്കരണം സംബന്ധിച്ച് ബി.ജെ.പിയും ജെ.ഡി.യുവും തമ്മിൽ ആദ്യഘട്ട ചർച്ച നടന്നു. ഏകോപനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നേരിട്ട് ഇറങ്ങിയത്. ആറ് എം.എൽ.എമാർക്ക് ഒരു മന്ത്രി എന്നാണ് മുന്നണിയിലെ ധാരണയെന്ന് സൂചനയുണ്ട്.
ബി.ജെ.പിക്ക് 15 അല്ലെങ്കിൽ 16 മന്ത്രിമാർ വരെയുണ്ടായേക്കാം . ധനകാര്യം, ആരോഗ്യം പോലെയുള്ള സുപ്രധാന വകുപ്പും അവർക്ക് ലഭിക്കും. ജെ.ഡി.യുവിന് 14 അല്ലെങ്കിൽ 15 മന്ത്രിസ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. നിതീഷിന് മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ, ആഭ്യന്തരവും ഗ്രാമവികസനവും വിദ്യാഭ്യാസവും ചോദിക്കുന്നു. മൂന്ന് മന്ത്രിസ്ഥാനവും ഉപമുഖ്യമന്ത്രിപദവുമാണ് എൽ.ജെ.പി (ആർ.വി) ആവശ്യപ്പെടുന്നത്. ഭരണഘടന പ്രകാരം 36 വരെയാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

