നയതന്ത്രം
text_fieldsന്യൂഡൽഹി: ഭീകരതക്കെതിരായ ഇന്ത്യൻ നിലപാട് വിശദീകരിക്കാനുള്ള നയതന്ത്ര നീക്കം പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയം കൂടിയായി മാറിയതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള സർവകക്ഷി സംഘത്തിന്റെ യാത്ര വിവാദത്തിൽ. ജനാധിപത്യപരമായ മാനദണ്ഡങ്ങളും രീതികളും തെറ്റിച്ച് പ്രതിപക്ഷ പാർട്ടികളെ മാനിക്കാതെ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതിനിധി സംഘത്തിലേക്ക് സർക്കാറിന് അഭിമതരായവരെ തെരഞ്ഞെടുത്തതാണ് രാഷ്ട്രീയ വിവാദത്തിനിടയാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തെയും ഓപറേഷൻ സിന്ദൂറിനെയും തുടർന്നുയർന്ന പ്രധാന വിഷയങ്ങളിൽനിന്ന് വഴിതിരിച്ചുവിടാനുള്ള പരിപാടിയാക്കി സർവകക്ഷി പ്രതിനിധി സംഘത്തെ മാറ്റിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് സമർപ്പിച്ച പട്ടികയിലില്ലാത്തവരെ വെച്ചപ്പോൾ പാർട്ടി നേതൃത്വത്തെ വിമർശിക്കുന്ന ശശി തരൂരിനെയും മനീഷ് തിവാരിയെയും തെരഞ്ഞെടുത്തു. ആൾബലത്തിൽ ലോക്സഭയിൽ പ്രബല കക്ഷിയായ സമാജ് വാദി പാർട്ടിയെ പൂർണമായും തമസ്കരിച്ചു.
മറ്റൊരു പ്രബല പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയുടെ മുതിർന്ന നേതാവ് ടി.ആർ. ബാലുവിനോട് കൂടിയാലോചിക്കാതെ കനിമൊഴിയെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് തെരഞ്ഞെടുത്തത്. ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽനിന്ന് വിദേശ, നയതന്ത്ര മേഖലയിൽ അനുഭവമില്ലാത്ത ജെ.ഡി.യു നേതാവ് സഞ്ജയ് ഝായെയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ എന്ന മേൽവിലാസം മാത്രമുള്ള ശ്രീകാന്ത് ഷിൻഡെയെയും വിവിധ രാജ്യങ്ങളിലേക്കുള്ള സംഘത്തലവന്മാരാക്കി.
സർവകക്ഷി പ്രതിനിധി സംഘത്തിലേക്ക് പാർട്ടികളോട് പ്രതിനിധികളെ നിർദേശിക്കാൻ പറയുന്നതിന് പകരം തങ്ങൾക്കിഷ്ടമുള്ള പ്രതിനിധികളെ നിശ്ചയിച്ചത് സി.പി.എം ചോദ്യം ചെയ്തു. കോൺഗ്രസിനോട് നാല് പ്രതിനിധികളുടെ പേരുകൾ നൽകാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ആ പേരുകൾ നൽകിയത്. കോൺഗ്രസിനോട് പേരുകൾ ചോദിച്ചുവാങ്ങി അത് പ്രഖ്യാപിക്കാതിരിക്കുന്നത് സർക്കാറിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണെന്നും മുഖ്യ പ്രതിപക്ഷ പാർട്ടിയോടുള്ള അവഹേളനമാണെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഏത് നേതാക്കളെ വേണമെന്ന് സർക്കാർ കോൺഗ്രസിനോട് അഭിപ്രായം പറഞ്ഞിട്ടുപോലുമില്ല. അതിനാൽ, തങ്ങളോട് ചോദിച്ചുവാങ്ങിയ പ്രതിനിധി സംഘാംഗങ്ങളുടെ പേരുകൾ കോൺഗ്രസ് മാറ്റുന്ന പ്രശ്നമേയില്ലെന്നും സർക്കാർ യുക്തംപോലെ ചെയ്യട്ടെയെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് സമർപ്പിച്ച പേരുകളാണെങ്കിലേ അവരെ പാർട്ടിയുടെ പ്രതിനിധികളായി പരിഗണിക്കുകയുള്ളൂ. അല്ലെങ്കിൽ അവർ സർക്കാർ പ്രതിനിധികളായിരിക്കുമെന്നും ജയറാം വ്യക്തമാക്കി.
സർവകക്ഷി പ്രതിനിധി സംഘത്തെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയ കേന്ദ്ര സർക്കാറിന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുയർന്ന ചോദ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് ജയറാം രമേശ് പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധ യഥാർഥ വിഷയത്തിൽനിന്ന് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണിത്.
ആരൊക്കെ എവിടെയൊക്കെ പോകുന്നു എന്നതായിരിക്കും ഇനി 10 ദിവസം ചർച്ച. ഭീകരത ചർച്ചയല്ലാതാകുകയും കശ്മീർ ചർച്ചയാകുകയും ചെയ്തു. ഇംഗ്ലണ്ട് വിദേശ മന്ത്രിയും ഇസ്ലാമാബാദിലെത്തി പറയുന്നതും ഇന്ത്യയും പാകിസ്താനും എന്നാണ്. അവരോട് നമ്മെ സമീകരിച്ചിരിക്കുന്നു. യഥാർഥത്തിൽ വിഷയം ഭീകരവാദമാണ്. കശ്മീർ വിഷയമല്ല. കശ്മീരല്ല വിഷയം. കശ്മീർ നമുക്ക് പാർലമെന്റിൽ ചർച്ച ചെയ്യാനുള്ളതാണ്. എന്നാൽ, നരേറ്റിവ് പൂർണമായും മാറിയിരിക്കുന്നു. അതേസമയം, സർക്കാറിന്റെ ഈ നടപടിക്കിടയിലും സർവകക്ഷി പ്രതിനിധി സംഘവുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.
കേന്ദ്രം വിളിച്ചു; യെസ് പറഞ്ഞു -ശശി തരൂർ
തിരുവനന്തപുരം: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്ര സർക്കാറാണെന്നും താൻ അഭിമാനത്തോടെ യെസ് പറഞ്ഞെന്നും ശശി തരൂർ. താൻ ഒരു പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയാണ്. വിവാദം കോൺഗ്രസിനും സർക്കാറിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും തരൂർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കേന്ദ്ര സർക്കാറിൽനിന്ന് പാർലമെന്ററി കാര്യ മന്ത്രിയാണ് തന്നെ വിളിച്ചത്. ഈ ക്ഷണത്തെക്കുറിച്ച് താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. 88 മണിക്കൂർ നീണ്ട യുദ്ധം നമ്മൾ കണ്ടതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല. ഭാരതം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ അത് നിറവേറ്റണം. കോൺഗ്രസ് നേതൃത്വത്തിന് തന്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്ത അഭിപ്രായം കാണും. ആർക്കും തന്നെ അത്ര എളുപ്പം അപമാനിക്കാൻ കഴിയില്ല. ദേശസേവനം പൗരന്മാരുടെ കടമയാണെന്നും തരൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

