‘സൗരവും അശുതോഷും എന്നേക്കാൾ വലിയ നേതാക്കൾ’; സിജെപി നേതാക്കളുടെ മോചനത്തിൽ അഭിജീത് ദിപ്കെ
text_fieldsന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് മോചിതരായ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പ്രശംസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. ഇരുവരും തന്നേക്കാൾ വലിയ നേതാക്കളാണെന്നും അവരുടെ നിർദേശങ്ങൾ അനുസരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും ദിപ്കെ എക്സിൽ കുറിച്ചു.
‘സൗരവും അശുവും എന്നേക്കാൾ മികച്ചവർ മാത്രമല്ല, എന്നേക്കാൾ എത്രയോ വലിയ നേതാക്കളാണ്. എന്റെ നേതാക്കളുടെ ഉത്തരവുകൾ അനുസരിക്കാൻ സന്തോഷമേയുള്ളൂ. ജീവൻ പോലും സമർപ്പിക്കാൻ തയാറാണ്’ എന്നായിരുന്നു ദീപ്കെയുടെ കുറിപ്പ്. എന്നാൽ, ഇതിനുശേഷം താനില്ലാതെ ആരും ഒറ്റക്ക് പൂന്തോട്ടത്തിൽ നടക്കരുതെന്നും ദിപ്കെ തമാശരൂപേണ കൂട്ടിച്ചേർത്തു.
സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും വിട്ടയക്കാൻ സ്പെഷൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ദീപ്കെയുടെ പ്രതികരണം. നേരത്തേ അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്ന ഇരുവരുടെയും കസ്റ്റഡി ഒക്ടോബർ 19ന് രണ്ടുദിവസം കൂടി നീട്ടിയിരുന്നു. ബുധനാഴ്ച കാലാവധി അവസാനിച്ചതോടെയാണ് മോചനത്തിന് ഉത്തരവായത്.
ഒക്ടോബർ 13ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനാണ് ഡൽഹി പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ ക്രമക്കേട് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെ ചോദ്യം ചെയ്ത് സിജെപി ഡൽഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, അതേ ദിവസം സ്പെഷൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിക്കുന്നതിനാൽ ഇടപെടാൻ ഹൈകോടതി തയാറായില്ല. തുടർന്ന് സിജെപി ഹരജി പിൻവലിക്കുകയായിരുന്നു.
ഹൈകോടതിയിൽ ഹരജി പരിഗണിക്കവെ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും പ്രായം ചോദിച്ച കോടതി, ഇരുവരും ജെൻ സി വിഭാഗത്തിൽപ്പെടുന്നവരല്ലെന്ന് നിരീക്ഷിച്ചിരുന്നു. ഈ പരാമർശവും നേരത്തേ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

