'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി
text_fieldsഅഭിജീത് ദിപ്കെ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധം 13-ാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ ഗുരുതര ആരോപണവുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ. തങ്ങളുടെ ഫോണുകൾ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും വാട്‌സ്ആപ് കോളുകളും ചാറ്റുകളും സർക്കാർ സംവിധാനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നുമാണ് ദിപ്‌കെയുടെ ആരോപണം.
പ്രതിഷേധത്തിന്റെ ഭാഗമായ ടീമംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര ചർച്ചകൾ പോലും പുറത്തറിയുന്നുണ്ടെന്ന് ദിപ്‌കെ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ‘സംവിധാനത്തിനുള്ളിലെ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഞങ്ങളുടെ ഫോണുകൾ നിരീക്ഷണത്തിലാണ്. ഞങ്ങൾ പരസ്പരം സംസാരിച്ച കാര്യങ്ങൾ കൃത്യമായി സിസ്റ്റത്തിലെ ഉന്നതർക്ക് അറിയാൻ സാധിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു,’- ദിപ്‌കെ വിശദീകരിച്ചു.
കനത്ത മഴയിലും സി.ജെ.പിയുടെ പ്രതിഷേധം തുടരുന്നതിന്റെ ദൃശ്യങ്ങൾ ദിപ്‌കെ പങ്കുവെച്ചു. അതേസമയം, പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കടുത്ത ശാരീരിക അസ്വസ്ഥതകൾക്കിടയിലും തന്റെ നിലപാടിൽ മാറ്റമില്ലാതെ നിരാഹാരവുമായി മുന്നോട്ട് പോവുകയാണ് സോനം വാങ്ചുക്.
രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ഡോക്ടർമാർ വെള്ളവും ഉപ്പും കൂടുതൽ കഴിക്കാൻ നിർദേശിച്ച വിവരം വാങ്‌ചുക്ക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഭക്ഷണത്തിന് പകരമായി ശരീരം കൊഴുപ്പിനെ ഉപയോഗിക്കുന്ന 'കീറ്റോസിസ്' അവസ്ഥയിലാണെന്നും എന്നാൽ തന്റെ നില അതീവ ഗുരുതരമല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും വാങ്‌ചുക്ക് വ്യക്തമാക്കി. ലഡാക്കിൽ ജീവൻ പൊലിഞ്ഞ യുവാക്കളുടെയും നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത 20 ലധികം വിദ്യാർഥികളുടെയും വത്യാഗത്തിന് മുന്നിൽ തന്റെ ചെറിയ ശാരീരിക അസ്വസ്ഥതകൾ ഒന്നുമല്ലെന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
പ്രതിഷേധത്തെ പിന്തുണക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതിനൊപ്പം, നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥി ഇനേഷിനെക്കുറിച്ചുള്ള വിവരങ്ങളും അഭിജീത് ദിപ്‌കെ പങ്കുവെച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇനേഷ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും തങ്ങളുടെ ടീം അവനുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും അവന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ദിപ്‌കെ ഉന്നയിച്ചത്. ആവർത്തിച്ചുണ്ടാകുന്ന പരീക്ഷാ വിവാദങ്ങളും, അത് പരിഹരിക്കുന്നതിൽ സർക്കാർ കാണിക്കുന്ന പരാജയവുമാണ് ഈ പ്രക്ഷോഭത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ന് ഉത്തരം പറയേണ്ടവരിൽ നിന്ന് ഉത്തരവാദിത്തം ചോദിച്ചുവാങ്ങാൻ എന്തൊക്കെയാണ് വേണ്ടിവരുന്നത്? എണ്ണമറ്റ ചോദ്യപേപ്പർ ചോർച്ചകൾ, തകർന്നുപോയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നങ്ങൾ, 20-ലധികം വിദ്യാർഥികളുടെ ആത്മഹത്യ, ഒടുവിൽ ഒരു വിദ്യാഭ്യാസ പ്രവർത്തകന്റെയും യുവാക്കളുടെയും നിരാഹാര സമരം’ - ദിപ്‌കെ ചോദിച്ചു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ‘അഹങ്കാരമുള്ള’ ഒരു സർക്കാരാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള പരീക്ഷാ സംവിധാനത്തിലെ അപാകതകൾക്കെതിരെ ജൂൺ 20-നാണ് സി.ജെ.പി പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നതിനപ്പുറം, വോട്ടർ പട്ടികയിലെ എസ്.ഐ.ആർ സംബന്ധിച്ച ആശങ്കകൾ കൂടി ഉൾപ്പെടുത്തി പ്രക്ഷോഭം കൂടുതൽ വിപുലീകരിച്ചതായി ദിപ്‌കെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

