ടി.വി.കെ വ്യാജ പിന്തുണക്കത്ത് നിർമിച്ചെന്ന് ദിനകരൻ
text_fieldsദിനകരൻ
ചെന്നൈ: അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) എം.എൽ.എ കാമരാജിന്റെ പേരിൽ ടി.വി.കെ വ്യാജ പിന്തുണക്കത്ത് തയാറാക്കിയെന്ന ഗുരുതര ആരോപണവുമായി പാർട്ടി ജന. സെക്രട്ടറി ടി.ടി.വി ദിനകരൻ. ഇതുമായി ബന്ധപ്പെട്ട് ഗിണ്ടി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ, കാറിനകത്തിരുന്ന് കാമരാജ് കത്തെഴുതുന്ന വിഡിയോ പുറത്തുവിട്ടാണ് ടി.വി.കെ ഇതിനെ നേരിട്ടത്. ദിനകരന്റെ സമ്മതത്തോടെയാണ് താൻ ടി.വി.കെക്ക് പിന്തുണ നൽകുന്നതെന്ന് കാമരാജ് എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു.
സർക്കാർ രൂപവത്കരണ ശ്രമങ്ങൾക്കിടെയുണ്ടായ ഈ വിവാദം കുതിരക്കച്ചവട ആരോപണങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വാട്സ്‌ആപ്പിൽ കിട്ടിയ കത്ത് എന്ന നിലയിലാണ് കാമരാജിന്റെ പിന്തുണക്കത്ത് ഗവർണർക്ക് നൽകിയതെന്ന് ടി.വി.കെ കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ, ഗവർണർ എം.എൽ.എയെ വിളിച്ചപ്പോൾ കത്തൊന്നും നൽകിയില്ലെന്നായിരുന്നു മറുപടി. സംഭവവുമായി ബന്ധപ്പെട്ട് ടി.ടി.വി. ദിനകരൻ രണ്ടുതവണ ഗവർണറെ കണ്ട് പരാതി നൽകി. കാറിലിരുന്ന് കത്തെഴുതിയ എം.എൽ.എയുടെ വിഡിയോ പുറത്തുവിട്ട ടി.വി.കെയോട് യഥാർഥ കത്ത് പുറത്തിറക്കാൻ ദിനകരൻ വെല്ലുവിളിച്ചു.
ഗവർണർക്ക് നൽകിയ കത്തുമായി കാമരാജിന് ബന്ധമില്ല. ടി.വി.കെ പുറത്തുവിട്ട വിഡിയോ എ.ഐ നിർമിതമാണെന്നും അദ്ദേഹം ആരോപിച്ചു. മന്നാർഗുഡിയിൽനിന്ന് വിജയിച്ച കാമരാജ് എ.എം.എം.കെയുടെ ഏക എം.എൽ.എയാണ്. ടി.വി.കെ കുതിരക്കച്ചവടത്തിന് ശ്രമിച്ചെന്ന് ഡി.എം.കെ നേതാവും എം.പിയുമായ പി. വിൽസൺ ആരോപിച്ചു. ഇതാണ് ടി.വി.കെ പറഞ്ഞ ‘മാറ്റ’മെന്ന് വിൽസൻ പറഞ്ഞു. കുതിരക്കച്ചവടം വർഷങ്ങളായി തമിഴ്നാട്ടിൽ ഇല്ലായിരുന്നു. ടി.വി.കെ അധികാരത്തിൽ എത്തും മുമ്പേ ഇതാണ് സ്ഥിതിയെന്ന് അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

