‘ദിമാഗി നക്സൽ പാർട്ടിക്ക്’ പിന്തുണയേറുന്നു; അഞ്ച് ലക്ഷത്തിലേറെ ഫോളോവേഴ്സ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പാറ്റ പരാമർശത്തിൽ നിന്നും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) രൂപം കൊണ്ടതുപോലെ, പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തിന് പിന്നാലെ രൂപംകൊണ്ട ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ക്കും സമൂഹ മാധ്യമത്തിൽ വൻ പിന്തുണ.
രണ്ട് ദിവസത്തിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് ദിമാഗി നക്സൽ ജനതാ പാർട്ടി അക്കൗണ്ട് ഫോളോ ചെയ്യുന്നത്. സായുധരായ നക്സലുകളെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞെങ്കിലും ‘ദിമാഗി നക്സലുകൾ’ (ചിന്തകളിൽ നക്സലിസമുള്ളവർ) ഇപ്പോഴുമുണ്ടെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനത്തിലെ പരാമർശമാണ് സമൂഹമാധ്യമത്തിൽ ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ പിറവിയെടുക്കാൻ ഇടയാക്കിയത്.
സർക്കാറിനെ ചോദ്യം ചെയ്യുന്ന വിദ്യാർഥികളെയും യുവാക്കളെയും ഇത്തരത്തിൽ നക്സലുകളായി മുദ്രകുത്തുന്നത് കടുത്ത ധാർഷ്ട്യമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ പരാമർശത്തിനു പിന്നാലെ കോൺഗ്രസ് നേതാവ് പി. ചിദംബരം താനൊരു ദിമാഗി നക്സലായിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് എക്സിൽ കുറിക്കുകയുണ്ടായി.
‘പാറ്റകളെപ്പോലെ കുറെ യുവാക്കളുണ്ട്. ഒരു തൊഴിലുമില്ലാത്ത അവർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും വിവരാവകാശ ആക്ടിവിസ്റ്റുകളുമെല്ലാമാകും. ഭരണസംവിധാനത്തെ ആക്രമിക്കും’ എന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശമാണ് പാറ്റപ്പാർട്ടി (സി.ജെ.പി) സമൂഹമാധ്യമത്തിൽ രൂപംകൊള്ളുന്നതിനും കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയ വിദ്യാർഥി പ്രക്ഷോഭത്തിലേക്ക് നയിക്കുന്നതിനും കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

