'സർബത്ത് ജിഹാദ്': ഉടമ മുസ്ലിം ആയതുകൊണ്ടാണ് രാംദേവ് എതിർക്കുന്നത്; പരാതി നൽകി ദിഗ്‌വിജയ് സിങ്
text_fieldsന്യൂഡൽഹി: 'സർബത്ത് ജിഹാദ്' പരാമർശത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബാബാ രാംദേവിനെതിരെ പരാതി നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഭാരതീയ ന്യായ് സംഹിതയിലെ 196(1)(a), 299 എന്നീ വകുപ്പുകൾ പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിങ് ഭോപ്പാലിലെ ടി.ടി. നഗർ പൊലീസ് സ്റ്റേഷനെ സമീപിച്ചു.
പതഞ്ജലി ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുന്നതിനും മതവികാരം ഇളക്കിവിടുന്നതിനുമായി രൂപകൽപ്പന ചെയ്‌തതാണ് രാംദേവ് തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ എന്ന് ദിഗ്‌വിജയ് സിങ് ചൂണ്ടിക്കാട്ടി. മതത്തിന്റെയും ദേശീയതയുടെയും സഹായം സ്വീകരിച്ച്, കോടിക്കണക്കിന് രൂപയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസുകാരൻ രാംദേവ് തന്റെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചുവെന്ന് സിങ് നേരത്തെ ഒരു പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
രാംദേവ് ഹംദാർദ് കമ്പനിയുടെ പേര് പറഞ്ഞില്ലെങ്കിലും അതിനെയാണ് ചൂണ്ടിക്കാണിച്ചതെന്ന് രാജ്യത്തിനറിയാമെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. കമ്പനിയുടെ ഉടമ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് രാംദേവ് സർബത്തിനെ എതിർക്കുന്നത്. വിദ്വേഷ പ്രസംഗമാണെന്ന് രാംദേവ് നടത്തിയതെന്ന് ദിഗ്‌വിജയ് സിങ് പരാതിയിൽ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് ഉചിതമായതും കർശനവുമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.
പതഞ്ജലിയുടെ റോസ് സർബത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനിടെ, മറ്റൊരു കമ്പനി ഷർബത്ത് വിൽപ്പനയിൽ നിന്നുള്ള വരുമാനം മദ്രസകൾക്കും പള്ളികൾക്കും ധനസഹായം നൽകാൻ ഉപയോഗിക്കുന്നുണ്ടെന്നാണ് രാംദേവ് അവകാശപ്പെട്ടത്. 'നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അത് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു. നിങ്ങൾ ആ സർബത്ത് കുടിച്ചാൽ മദ്രസകളും പള്ളികളും നിർമിക്കപ്പെടും. എന്നാൽ നിങ്ങൾ പതഞ്ജലിയുടെ റോസ് സർബത്ത് കുടിച്ചാൽ ഗുരുകുലങ്ങളും ആചാര്യകുലവും നിർമിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യും' -എന്നാണ് രാംദേവ് പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.