ഡിജിറ്റൽ അറസ്റ്റ്: മഹബൂബാബാദിൽ വിരമിച്ച അധ്യാപകന്‍റെ 82 ലക്ഷം രൂപ നഷ്ടപ്പെട്ടു
text_fieldsമഹബൂബാബാദ്: തെലങ്കാനയിലെ മഹബൂബാബാദിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ വിരമിച്ച അധ‍്യാപകന് 82 ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലികോം ഉദ്യോഗസ്ഥർ, പൊലീസ്, സി.ബി.ഐ എന്നീ വ്യാജേനയാണ് സംഘം തട്ടിപ്പു നടത്തിയത്. ഏപ്രിൽ 11നാണ് സംഭവം. പ്രതികൾ എയർടെൽ ഉദ്യോഗസ്ഥനെന്ന പേരിൽ അധ്യാപകന്‍റെ ഭാര്യയെ ഫോണിൽ സമീപിക്കുകയായിരുന്നു. അധ്യാപകന്റെ ആധാർ കാർഡുമായി ബന്ധപ്പട്ട് 17 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന് പൊലീസ് യൂണിഫോം ധരിച്ച് ബംഗളൂരു സബ് ഇന്‍സ്പെക്ടർ എന്ന വ്യോജേന ഒരാളുമായി വാട്സാപ്പ് വീഡിയോ കോൾ വഴി ദമ്പതികളെ ബന്ധിപ്പിച്ചു. അധ്യാപകന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് മുംബൈയിലെ കാനറ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയുമായി ബന്ധപ്പെട്ട് 75 ലക്ഷം രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. തുടർന്ന് വ്യാജ അറസ്റ്റ് വാറണ്ട് കാണിച്ച് ദമ്പതികളെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിവരം ആരോടും പറയരുതെന്നും നിർദേശം നൽകി. സി.ബി.ഐ ഓഫീസർ എന്ന വ്യാജേന മറ്റൊരൊളും ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
തട്ടിപ്പിൽ അകപ്പെട്ട ദമ്പതികൾ ഭയത്താൽ തങ്ങളുടെ ആജീവനാന്ത സമ്പാദ്യവും, ഫിക്സഡ് ഡെപ്പോസിറ്റുകളും, ലോൺ എടുത്ത തുകയും സംഘം നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് മൂന്ന് ഘട്ടമായി കൈമാറി. ആദ്യഘട്ടത്തിൽ 49 ലക്ഷം രൂപയും, രണ്ടാമതായി 22 ലക്ഷം രൂപയും പിന്നീട് 11 ലക്ഷം രൂപയുമാണ് കൈമാറിയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മെയ് രണ്ടിന്ന് പണം തിരികെ നൽകുമെന്ന് തട്ടിപ്പ് സംഘം അറിയിച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം മുതൽ ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയതോടെ തങ്ങൾ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ദമ്പതികൾ മഹബൂബാബാദ് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. `ഇരകളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനും അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നു' ഡെപ്യൂട്ടി സൂപ്രണ്ട് തിരുപ്പതി റാവു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

