Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികളിലെ ഡിജിറ്റൽ...

കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ; സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ ബിൽ

text_fields
bookmark_border
Digital addiction in children
cancel

സമൂഹമാധ്യമങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. സോഷ്യൽമീഡിയക്ക് നല്ല വശവുമുണ്ട്. അതുപോലെ മോശം വശവുമുണ്ട്. ഇതെങ്ങനെ കുട്ടികളെ ബാധിക്കുന്നു എന്നത് അവരുടെ പ്രായത്തിനും വിവിധ പ്ലാറ്റ്ഫോമുകളിൽ ചിലവഴിക്കുന്ന സമയത്തിനും ഇവയിലെ ഉള്ളടക്കത്തെയും ആശ്രയിച്ചിരിക്കും.

കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ ഇന്ന് വളർന്നുവരുന്നൊരു വിപത്താണ്. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും ഇത് ബാധിച്ചേക്കാം.

അതുകൊണ്ട് തന്നെ കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാവാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതുമായി ബന്ധപ്പെട്ട് വരും മാസങ്ങളിൽ പാർലമെന്‍റിൽ പുതിയൊരു ബിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആന്ധ്രപ്രദേശിൽ നിന്നുള്ള ലോക്സഭാംഗം ലാവു ശ്രീ കൃഷ്ണ ദേവരായലു. 16 വയസിന് താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പട്ടാണിത്. സ്വകാര്യതയുടെ സംരക്ഷണവും കുട്ടികളെയും കൗമാരക്കാരെയും വിവിധതരം ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്ന് ദേവരായലു പറയുന്നു.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയിൽ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് മെറ്റയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ഇലോൺ മസ്കിന്‍റെ എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ക്ഷീണമുണ്ടാക്കുമെന്നത് ഒരു വസ്തുതയാണ്. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും ഇന്ത്യയിൽ മാത്രം 40 കോടി ഉപഭോക്താക്കളുണ്ട്. സ്നാപ്ചാറ്റിന് 20 കോടിയും എക്സിന് 2 കോടിയും എന്നാണ് കണക്കുകൾ പറയുന്നത്.

യു.എസ് പോലുള്ള വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കമ്പനികൾക്ക് ഉപയോക്താവിൽ നിന്ന് കുറഞ്ഞ വരുമാനം മാത്രമേ ലഭിക്കാറുള്ളൂ. എങ്കിലും ഇവരുടെ വളർച്ചക്ക് ഇന്ത്യയിൽ അവിശ്വസനീയമായ സാധ്യതകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉപഭോക്താക്കളുള്ള രാജ്യമാണിത്.

മാത്രമല്ല ഓൺലൈനിലേക്ക് ഇനിയും എത്തിച്ചേരാത്ത നിരവധി ആളുകളുകൾ ഇവിടെ ഇനിയുണ്ട്. ടിക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളും വാതുവെപ്പ് ആപ്പുകളും നിരോധിക്കാമെങ്കിൽ മറ്റ് പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും ഇവിടെ സാധ്യമാണെന്ന് ദേവരായലു പറയുന്നു.

യുവാക്കൾക്ക് സുരക്ഷിതമായ അനുഭവങ്ങൾ ലഭിക്കണമെന്ന് കമ്പനി ആഗ്രഹിക്കുന്നുവെന്നും, കൗമാരക്കാർ ഏതൊക്കെ ആപ്പുകൾ ഉപയോഗിക്കണമെന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാമെന്നും നിരോധനങ്ങൾ യുവാക്കളെ ഇന്റർനെറ്റിന്റെ കൂടുതൽ അപകടകരമായ ഭാഗങ്ങളിലേക്ക് തള്ളിവിടുമെന്നുമാണ് ഇക്കാര്യത്തിൽ മെറ്റയുടെ പ്രതികരണം. സ്നാപ്ചാറ്റും എക്‌സും മറുപടി നൽകിയിട്ടില്ല.

അതേസമയം മഹാരാഷ്ട്രയിലെ ഐ.ടി മന്ത്രി സോഷ്യൽ മീഡിയ കുട്ടികൾക്ക് വരുത്തുന്ന ദോഷങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ശിപാർശ ചെയ്യുന്നതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ഇതിനോടകം വിവിധ രാജ്യങ്ങൾ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമ ഉപയോഗം നിരോധിച്ച്കൊണ്ട് ഡിസംബറിലാണ് ആസ്ട്രേലിയ ഉത്തരവ് പുറത്തിറക്കിയത്.

16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തുമെന്ന് സ്‌പെയിൻ പ്രധാനമന്ത്രി ചൊവ്വാഴ്ച വ്യക്തമാക്കി. ഫ്രാൻസ്, യു.കെ, നെതർലാൻഡ്‌സ്, ഉത്തരകൊറിയ, ദക്ഷിണകൊറിയ, ഇറ്റലി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും സമാന നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

കൂട്ടത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യം ചൈനയാണ്. ഇവിടെ കുട്ടികൾക്കായി ഉള്ളടക്കം, സ്‌ക്രീൻ സമയം, പ്രവർത്തന സമയം എന്നിവ പരിമിതപ്പെടുത്തുന്ന "യൂത്ത് മോഡുകൾ" പ്ലാറ്റ്‌ഫോമുകൾ നൽകേണ്ടതുണ്ട്. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ചില ഫീച്ചറുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Childrendigital addictionNew regulationSocial media use
News Summary - Digital addiction in children; New bill to regulate social media
Next Story