ഡിജിറ്റൽ അടിമത്തം കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും; സാമ്പത്തിക സർവേയിൽ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഡിജിറ്റൽ അടിമത്തവും സംസ്കരിച്ച ഭക്ഷണം മൂലം ഉണ്ടാകുന്ന അമിതവണ്ണവും ഗുരുതരമായ രണ്ട് ആരോഗ്യ പ്രശ്നങ്ങളാണെന്ന് സാമ്പത്തിക സർവേ. കൂടുതലായി കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ഡിജിറ്റൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട അമിതാസക്തി ശ്രദ്ധിക്കേണ്ട വിഷയമാണ്. വിദ്യാർഥികളിൽ പഠന മികവിനെയും ജോലിക്കാരിൽ തൊഴിൽ മികവിനെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമായി അത് മാറി.
രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് 2014ൽ 25.15 കോടി കണക്ഷനുകൾ ആയിരുന്നത് 2024 ൽ 96.96 കോടിയായാണ് വർധിച്ചത്. ഓൺലൈനിൽ വിഡിയോ കാണുന്നത് 48 ശതമാനം ഉപയോക്താക്കളാണ്, 43 ശതമാനം പേരാണ് സമൂഹമാധ്യമങ്ങളിൽ സജീവം. ലഹരി പദാർഥങ്ങളോടുള്ള ആസക്തി മാറ്റിനിർത്തിയാൽ ഏറ്റവും വലിയ ആസക്തിയാണ് ഇതെന്നും, ക്ലിനിക്കിൽ ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളുമായി അനവധി പേരാണ് എത്തുന്നതെന്നും എയിംസിലെ മനഃശാസ്ത്ര വിഭാഗം പ്രഫസർ ഡോ. യതൻ ബൽഹാര പറഞ്ഞു.
അമിതമായി സംസ്കരിച്ച ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് സർവേ മുന്നറിയിപ്പ് നൽകുന്നു. അത് നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ലേബലിൽ മുന്നറിയിപ്പ് നൽകുകയും, ഉയർന്ന സർച്ചാർജ് ഈടാക്കുകയും വേണം. ഹെൽത്ത് സ്റ്റാർ റേറ്റിങ് സംവിധാനം ഏർപ്പെടുത്തണമെന്നും സർവേ നിർദേശിക്കുന്നു.
ഈ പ്രശ്നം കഴിഞ്ഞ വർഷത്തെ സാമ്പത്തിക സർവേയിലും എടുത്തു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

