മാതാവ് മരിച്ചതറിയാതെ നാലുദിവസം കൂടെ കഴിഞ്ഞ ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
text_fieldsപൊലീസും ആരോഗ്യ പ്രവർത്തകരും ജയന്തിയുടെ വീട്ടിൽ
മംഗളൂരു: മാതാവ് മരിച്ചതറിയാതെ മൃതദേഹത്തിനരികിൽ ആഹാരവും വെള്ളവുമില്ലാതെ നാലു ദിവസം കഴിച്ചുകൂട്ടിയ ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. കുന്താപുരം ദസനഹദി മൂടുഗോപാടിയിലെ ജയന്തി ഷെട്ടിയുടെ (62) മൃതദേഹത്തിനരികിലാണ് മകൾ പ്രഗതി ഷെട്ടി (32) കഴിഞ്ഞത്.
ഹെങ്കല്ലി സ്വദേശികളായ കുടുംബം 15 വർഷമായി മൂടുഗോപാടിയിലാണ് താമസം. ജയന്തി ഷെട്ടിയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. ഇതോടെ മാതാവും മകളും മാത്രമായിരുന്നു വീട്ടിൽ താമസം. ജയന്തി ഷെട്ടി വളരെ കഷ്ടപ്പെട്ടാണ് പ്രഗതിയെ പരിചരിച്ചു വന്നത്. പ്രമേഹം ബാധിച്ചതിനെ തുടർന്ന് പ്രഗതിയുടെ കാൽ ഈയിടെ മുറിച്ചുമാറ്റിയിരുന്നു. ജയന്തിക്കും പ്രമേഹ അലട്ടുകളുണ്ട്.
ജയന്തിയുടെ വീട്ടിൽ പകൽ സമയങ്ങളിലും ലൈറ്റുകൾ കത്തുന്നത് അയൽക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ, ഇരുവരും എവിടെയോ പോയതാവാമെന്ന് കരുതി. കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. അയൽവാസികൾ ജയന്തിയുടെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
ഗോപാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് സുരേഷ് ഷെട്ടിയും നാട്ടുകാരും സ്ഥലത്തെത്തി ജനലിലൂടെ നോക്കിയപ്പോൾ പ്രഗതി അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നതുകണ്ടു. പൊലീസ് എത്തി വീടിന്റെ വാതിൽ തുറന്ന് അകത്തുകടന്നപ്പോഴാണ് ജയന്തി ഷെട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭക്ഷണവും വെള്ളവുമില്ലാതെ നിർജലീകരണം സംഭവിച്ച് അവശയായ യുവതിക്ക് പ്രാഥമിക ചികിത്സ നൽകി കോട്ടേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

