നടൻ വിജയ് നയിച്ച പ്രചാരണ റാലിയിൽ തിക്കും തിരക്കും, വൻ ദുരന്തം; 38 പേർക്ക് ദാരുണാന്ത്യം
text_fieldsതമിഴക വെട്രി കഴകം ശനിയാഴ്ച കരൂരിൽ സംഘടിപ്പിച്ച റാലിയിൽ നിന്ന്
കരൂർ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് നടത്തുന്ന റാലിയിൽ തിക്കിലും തിരക്കിലും ആറ് കുട്ടികളടക്കം 38 പേർക്ക് ദാരുണാന്ത്യം. 14 സ്ത്രീകളും ഒമ്പത് പുരുഷന്മാരും മരിച്ചു. ഇതിൽ നിരവധിപേർ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. കരൂരിലെ വേലുസ്വാമിപുരത്ത് ശനിയാഴ്ച രാത്രി നടന്ന വമ്പൻ റാലിക്കിടെയാണ് അപകടമുണ്ടായത്.
നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. പലരും കുഴഞ്ഞ് വീഴുകയായിരുന്നു. കുട്ടികളെയടക്കം ഉടൻ കരൂർ മെഡിക്കൽ കോളജടക്കമുള്ള ആശുപത്രികളിലെത്തിച്ചു. വിജയ് സംസാരിക്കുമ്പോൾ മൈതാനത്തുണ്ടായിരുന്ന ചിലർ ബോധരഹിതരായി വീഴുകയായിരുന്നു. പിന്നാലെയാണ് ദുരന്തമുണ്ടായത്. തുടർന്ന് വിജയ് പ്രസംഗം നിർത്തി, രക്ഷാപ്രവർത്തനത്തിന് പൊലീസിന്റെ സഹായം തേടി. വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കുന്നതും കാണാമായിരുന്നു.
ഉടൻ സംഭവസ്ഥലത്തെത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ട് മന്ത്രിമാർക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ല ഭരണകൂടത്തിലെ പ്രമുഖ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്റ്റാലിൻ ഞായറാഴ്ച രാവിലെ കരൂരിലെത്തും. തിരുച്ചിയിൽനിന്നും സേലത്തുനിന്നും കൂടുതൽ ഡോക്ടർമാരെ എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ച ശേഷവും പിരിഞ്ഞുപോകാത്ത അണികളെ പൊലീസ് ലാത്തിച്ചാർജ് നടത്തിയാണ് പറഞ്ഞയച്ചത്. ആംബുലൻസുകൾ സ്ഥലത്തെത്താനും ഏറെ ബുദ്ധിമുട്ടി.
വിജയിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനുള്ള ശ്രമത്തിനിടെയുണ്ടായ തിരക്കും അപകടത്തിന്റെ ആക്കം കൂട്ടി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുത്തേക്കും. ഉച്ചക്ക് 12 മണിക്ക് തീരുമാനിച്ച പരിപാടിയിൽ ആറ് മണിക്കൂർ വൈകിയാണ് താരം എത്തിയത്. 30,000 പേരാണ് രാവിലെമുതൽ മൈതാനത്ത് കാത്തിരുന്നത്.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയ് സംസ്ഥാന പര്യടനം ഈ മാസം തുടങ്ങിയത്. രണ്ടാംഘട്ട പര്യടനം ശനിയാഴ്ച നാമക്കലിൽനിന്നാണ് തുടങ്ങിയത്. വൻ ജനക്കൂട്ടം എത്തുന്നതിനാൽ പൊലീസ് കർശന നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നൽകിയിരുന്നത്. സമയക്രമം പാലിക്കണമെന്നും പൊതുസ്വത്തുക്കൾ നശിപ്പിക്കരുതെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കണമെന്നും നിർദേശം നൽകിയിരുന്നു.
എന്നാൽ, അണികൾ നിലവിട്ട് പെരുമാറുന്നത് സംഘാടകർക്കും തലവേദനയായി. തിരുച്ചിയിൽ കഴിഞ്ഞ ആഴ്ച നടന്ന റാലിക്കിടെ പൊതുസ്വത്തുക്കൾ നശിപ്പിച്ചതിനെതുടർന്ന് മദ്രാസ് ഹൈകോടതി ശക്തമായി ഇടപെട്ടിരുന്നു. അണികൾ ആത്മസംയമനം പാലിക്കണമെന്നും ഗർഭിണികളും കുട്ടികളും വയോധികരും റാലിക്ക് വരരുതെന്നും ഓൺലൈനിൽ കണ്ടാൽ മതിയെന്നും ടി.വി.കെ പാർട്ടിയും ആവശ്യപ്പെട്ടിരുന്നു. ചെറിയ മൈതാനമാണ് സർക്കാർ അനുവദിച്ചതെന്ന് ടി.വി.കെ കുറ്റപ്പെടുത്തി.
തിക്കിലുംതിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നത് ശ്രദ്ധയിൽ പെട്ടതോടെ പ്രസംഗത്തിനിടെ വിജയ് ടി.വി.കെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെടുന്നത് കാണാമായിരുന്നു. വിജയ് ഇടക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ പൊലീസിന്റെ സഹായം അഭ്യർഥിച്ച വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

