‘ശാരീരികമായി ഉപദ്രവിച്ചില്ല, വാക്കാൽ അധിക്ഷേപിച്ചു’; ഡി.ആർ.ഐ കസ്റ്റഡിയിൽ മോശം അനുഭവമെന്ന് നടി രന്യ റാവു
text_fieldsബംഗളൂരു: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്ത വേളയിലെല്ലാം റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ തന്നെ വാക്കാൽ അധിക്ഷേപിച്ചെന്ന് നടി വിചാരണക്കിടെ കോടതിയിൽ പറഞ്ഞു. വെള്ളിയാഴ്ച കോടതി അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നടിയെ കോടതിയിൽ ഹാജരാക്കിയത്.
ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഒരുതരത്തിലും നടിയെ ഉപദ്രവിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞിരുന്നു. “ചോദ്യം ചെയ്യലിനിടെ പലപ്പോഴും വ്യക്തമായ ഉത്തരം നൽകാതിരിക്കുകയോ മൗനം പാലിക്കുകയോ ആണ് അവർ ചെയ്തത്. അന്വേഷണം പൂർണമായും റെക്കോർഡ് ചെയ്തിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്കു പോലും ഉത്തരം നൽകിയില്ല. കോടതിയിൽ എത്തിയതിനു പിന്നാലെ എങ്ങനെ മൊഴി നൽകണമെന്ന് അഭിഭാഷകർ നിർദേശം നൽകി” -അന്വേഷണോദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ ഇതിന് മറുപടിയായി, ചോദ്യംചെയ്യലിന്റെ വേളയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് രന്യ പറഞ്ഞു. “സംസാരിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുകയെന്ന് അറിയാമല്ലോ. അവരെന്നെ അടിച്ചില്ല. എന്നാൽ വാക്കാൽ വളരെ മോശമായി അധിക്ഷേപിച്ചു. അതെനിക്ക് വലിയ മാനസികാഘാതമായി. തെളിവെടുപ്പിനെന്ന പേരിൽ പലയിടത്തും അനാവശ്യമായി കൊണ്ടുപോയി. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടും ഇതാണുണ്ടായത്” -രന്യ പറഞ്ഞു.
എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും കേസന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്നും കോടതി വ്യക്തമാക്കി. രന്യയുടെ ജുഡീഷ്യൽ കസ്റ്റഡി ഈ മാസം 24 വരെ നീട്ടി. കേസിൽ ചൊവ്വാഴ്ചയും വാദംകേൾക്കൽ തുടരും. ദുബൈയിൽനിന്ന് 14.2 കിലോ സ്വർണം കടത്തുന്നതിനിടെയാണ് രന്യയെ കഴിഞ്ഞയാഴ്ച ഡി.ആർ.ഐ സംഘം ബംഗളൂരു വിമാനത്താവളത്തിൽവച്ച് കസ്റ്റഡിയിലെടുത്തത്. നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടുകോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

