ദീദി പോകും, ബംഗാളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 152ൽ 110 സീറ്റുകളും ബി.ജെ.പി നേടും; ഉയർന്ന പോളിങ് മാറ്റത്തിന്റെ സൂചനയെന്നും അമിത് ഷാ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയതിന് പിന്നാലെ, വോട്ടിങ്ങിലെ വർധനവ് ബി.ജെ.പിക്ക് അനുകൂലമായ നിർണായക മാറ്റത്തിന്റെ സൂചനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി മമത ബാനർജിയുടെ ഭരണകാലം അവസാനിക്കുമെന്നും ബി.ജെ.പിക്ക് അടുത്ത സർക്കാർ രൂപീകരിക്കുന്നതിനുള്ള വ്യക്തമായ പാതയുണ്ടെന്നും വെള്ളിയാഴ്ച കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.
ബി.ജെ.പി നിർണായക വിജയം നേടും. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110 എണ്ണത്തിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ, ബംഗാളിലെ ജനങ്ങൾ ആദ്യ ഘട്ടത്തിൽ തന്നെ അവരുടെ ഭാവി തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസനം അവർ തെരഞ്ഞെടുത്തു. വർധിച്ച വോട്ടർമാരുടെ എണ്ണം ദീദിയെ (മുഖ്യമന്ത്രി മമത ബാനർജി) പുറത്താക്കാനുള്ളതാണെന്നും ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 152 സീറ്റുകളിൽ 110ൽ കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടും. അതായത് രണ്ടാം ഘട്ടത്തിന് ശേഷം പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾക്ക് കഴിയും. മേയ് അഞ്ചിന് ശേഷം ‘അംഗ, ബംഗ, കലിംഗ’ തുടങ്ങിയ പ്രദേശങ്ങൾ ബി.ജെ.പി ഭരണത്തിൻ കീഴിലാകുകയും കിഴക്കൻ ഇന്ത്യയിൽ വിശാലമായ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
ബി.ജെ.പി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ഭീകരവാഴ്ച അവസാനിപ്പിച്ച് നിയമവാഴ്ച പുനസ്ഥാപിക്കും. മാറ്റം എന്നാൽ നുഴഞ്ഞുകയറ്റ രഹിത ബംഗാൾ, അഴിമതിയിൽ നിന്നുള്ള സ്വാതന്ത്ര്യം, പ്രീണനം, കൊള്ളയടിക്കൽ, യുവാക്കൾക്ക് തൊഴിലവസരങ്ങൾ എന്നിവയുൾപ്പെടെയുള്ളവയെയാണ് അർഥമാക്കുന്നത്. സ്ത്രീ സുരക്ഷക്ക് മുൻഗണന നൽകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മമത ബാനർജി ബി.ജെ.പിക്കെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഷാ പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ പുറത്തുനിന്നുള്ളവർ ബംഗാൾ ഭരിക്കുമെന്ന ഭയം മുഖ്യമന്ത്രി സൃഷ്ടിക്കുകയാണ്. അടുത്ത മുഖ്യമന്ത്രി ബംഗാളിൽ ജനിച്ചു വിദ്യാഭ്യാസം നേടിയ ബംഗാളി ഭാഷ നന്നായി സംസാരിക്കുന്ന ഒരാളായിരിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഒരേയൊരു വ്യത്യാസം അവരുടെ അനന്തരവൻ അധികാരത്തിലുണ്ടാകില്ല എന്നതാണ്. മുഖ്യമന്ത്രി ഒരു ബി.ജെ.പി പ്രവർത്തകനായിരിക്കും -അമിത് ഷാ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 91.88 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ് ആണിത്. രണ്ടാം ഘട്ട പോളിങ് ഏപ്രിൽ 29 ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

