രാഹുലിന് പറയാനുള്ളത് കേട്ടോ? വരവിൽകവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഹൈകോടതിയോട് സുപ്രീംകോടതി; നടപടികൾ നിർത്തിവെപ്പിച്ചു
text_fieldsന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ബി.ജെ.പി പ്രവർത്തകന്റെ പരാതിയിൽ അലഹബാദ് ഹൈകോടതിയുടെ എല്ലാ നടപടികളും ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിർത്തിവെപ്പിച്ചു.
രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കും മുമ്പ് അലഹബാദ് ഹൈകോടതി ഈ കേസ് പരിഗണിക്കരുതെന്നും സി.ബി.ഐയും ഇ.ഡിയും ഒരു തരത്തിലുള്ള റിപ്പോർട്ടും ഹൈകോടതിക്ക് സമർപ്പിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. രാഹുൽ ഗാന്ധിക്ക് പറയാനുള്ളത് പറയാൻ അവസരം നൽകാതെ ഉത്തരവ് പുറപ്പെടുവിച്ച അലഹബാദ് ഹൈകോടതി നടപടി ചോദ്യം ചെയ്താണ് ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
ഒരാൾ കൊലപാതകം നടത്തിയാൽ കേസെടുക്കാൻ പൊലീസിന് അനുമതി ആവശ്യമില്ലെന്നും അതേ സമയം, കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കുംമുമ്പ് സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ കോടതി പാലിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ഏതെങ്കിലും വ്യക്തിയുടെ വരവിൽ കവിഞ്ഞ സ്വത്തിനെ കുറിച്ച് ഏതെങ്കിലും ഏജൻസിക്ക് അറിവുണ്ടെങ്കിൽ സ്വന്തം നിലക്കുതന്നെ അന്വേഷണവുമായി ആ ഏജൻസിക്ക് മുന്നോട്ടുപോകാമെന്നും കോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും എന്നാൽ, രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഏജൻസികളൊന്നും കേസെടുത്തിട്ടില്ലെന്നും സുപ്രീംകോടതി തുടർന്നു.
രാഹുലിനെതിരായ ആരോപണം ഇത്രയും ഗൗരവമുള്ളതാണെങ്കിൽ എന്തുകൊണ്ട് നിങ്ങളുടെ ഏജൻസി അനങ്ങിയില്ലെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ കേന്ദ്ര സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ എസ്.വി. രാജുവിനോട് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. കേസെടുക്കാൻ കോടതിയുടെ ഒരു ഉത്തരവ് ആവശ്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, എന്നിട്ടുമെന്തുകൊണ്ട് സി.ബി.ഐ സ്വമേധയാ കേസെടുത്തില്ലെന്നും ആരാഞ്ഞു. സി.ബി.ഐ നൽകിയ എതിർ സത്യവാങ്മൂലത്തിൽനിന്ന് കാര്യങ്ങൾ വ്യക്തമല്ലെന്നും അന്വേഷണത്തിന്റെ പുരോഗതി പോലും മനസ്സിലായില്ലെന്നും സുപ്രീംകോടതി വിമർശിച്ചു.
രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റംഗങ്ങളും വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കിയെന്ന ബി.ജെ.പി പ്രവർത്തകൻ എസ്. വിഗ്നേഷ് ശിഷിറിന്റെ പരാതി അന്വേഷിക്കാനാണ് സി.ബി.ഐക്കും ഇ.ഡിക്കും അലഹബാദ് ഹൈകോടതി നിർദേശം നൽകിയത്. അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസുമാരായ ബ്രിജ് രാജ് സിങ്, രാജേഷ് സിങ് ചൗഹാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്. അത് ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇടപെടൽ.
നിയമത്തിലില്ലാത്ത കാര്യമാണ് കാണിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ബോധിപ്പിച്ചു. ഒന്നിനുപിറകെ ഒന്നായി പരാതിയുമായി നടക്കുന്ന ഈ ഹരജിക്കാരന് ഇത്തരമൊരു റിട്ട് ഹരജി നൽകാനുള്ള നിയമപരമായ അവകാശമെന്താണെന്ന് കപിൽ സിബൽ ചോദിച്ചു. എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് രാഹുൽ ഗാന്ധിയെ കേൾക്കേണ്ട കാര്യമില്ലെന്ന പരാതിക്കാരനായ ബി.ജെ.പി പ്രവർത്തകൻ ശിഷിറിന്റെ വാദം സുപ്രീംകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

