വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് ഉപയോഗിച്ചത് കാലാവധി കഴിഞ്ഞ കണ്ണീർ വാതകം? ചർച്ചയായി സി.ജെ.പി പ്രവർത്തകരുടെ വിഡിയോ
text_fieldsപ്രതിഷേധക്കാരുടെ വിഡിയോയിലുള്ള ഉപയോഗിച്ച കണ്ണീർ വാതകം
ന്യൂഡൽഹി: പരീക്ഷ ക്രമക്കേടും നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ത്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്കോറോച്ച് ജനത പാർട്ടി നടത്തിയ വിദ്യാർഥി പ്രതിഷേധത്തിൽ പൊലീസ് ഉപയോഗിച്ച കണ്ണീർ വാതകം കാലാവധി കഴിഞ്ഞതെന്ന് ആരോപണം. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യർത്ഥി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത വിഡിയോ ഇതിനോടകം രാഷ്ട്രീയ പ്രമുഖരും പ്രതിഷേധത്തെ അനുകൂലിക്കുന്നവരും ഏറ്റെടുത്തിട്ടുണ്ട്. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധം മൺസൂൺ പാർലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് പാർലമെന്റിലേക്ക് മാറ്റിയതോടെ നടന്ന പൊലീസ് ലാത്തി ചാർജിലാണ് കാലാവധി കഴിഞ്ഞ കണ്ണീർ വാതകം ഉപയോഗിച്ചതായി ആരോപിക്കുന്നത്.
സംഘർഷത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും നിരവധി വിദ്യാർഥികൾക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 20 വയസുള്ള വിദ്യാർഥിനിയെ ഡൽഹിയിലെ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതും പ്രതിഷേധം ആളിക്കത്തിക്കാൻ കാരണമായി.
ജന്തർ മന്തറിൽ ഒത്തുകൂടിയ പതിനായിരത്തോളം വരുന്ന പ്രക്ഷോഭകർ, നിരോധനാജ്ഞ ലംഘിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തുകയായിരുന്നു. പ്രക്ഷോഭകരിൽ പലരും കയ്യിൽ ദേശീയ പതാകകളും ഭരണഘടനയുടെ പകർപ്പുകളും ഏന്തിയിരുന്നു. ചിലർ കൗതുകമുണർത്തുന്ന രീതിയിൽ പാറ്റയുടെ (Cockroach) വേഷം ധരിച്ചും മാർച്ചിൽ പങ്കെടുത്തു. പൊലീസ് എത്രതവണ തുരത്തിയോടിച്ചാലും വീണ്ടും ഒത്തുകൂടി മുന്നേറാൻ ശ്രമിച്ച സമരക്കാരെ നിയന്ത്രിക്കാൻ സുരക്ഷാ സേന പാടുപെട്ടു. ന്യൂഡൽഹി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷത്തിനിടയിൽ നിരവധി വാഹനങ്ങൾ തകരുകയും റോഡുകൾ സമരവേദിയായി മാറുകയും ചെയ്തു.
പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങൾക്കെതിരെ പ്രതിപക്ഷ കക്ഷികളും വിവിധ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെ എന്തിനാണ് ലാത്തിച്ചാർജ് എന്ന് ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ ചോദ്യം ചെയ്തു. അതേസമയം, പ്രക്ഷോഭകർ പൊലീസിന് നേരെ കല്ലെറിയുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന് ഡൽഹി പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പരുക്കേറ്റ വിദ്യാർഥികളെ കാണാൻ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും മറ്റ് നേതാക്കളും ആശുപത്രികളിൽ സന്ദർശനം നടത്തി. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സി.ജെ.പി നേതൃത്വത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

