ഇന്ത്യൻ യാത്രയ്ക്ക് 10 ലക്ഷം രൂപ ചെലവോ? ചർച്ചയായി അമേരിക്കൻ ദമ്പതികളുടെ വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള യാത്രകൾ സാധാരണയായി ബജറ്റ് സൗഹൃദവും ചെലവ് കുറഞ്ഞതുമായാണ് കണക്കാക്കപ്പെടാറുള്ളത്. എന്നാൽ, ഒരു മാസം ഇന്ത്യയിൽ സഞ്ചരിച്ച അമേരിക്കൻ ദമ്പതികൾ പുറത്തുവിട്ട യാത്രാച്ചെലവിന്റെ കണക്കുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
അലക്സ്, അമേലിയ എന്നീ ദമ്പതികളാണ് തങ്ങളുടെ 30 ദിവസത്തെ ഇന്ത്യ സന്ദർശനത്തിന്റെ വിശദമായ കണക്കുകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. യാത്രയുടെ അവസാനം തങ്ങളുടെ കൈയ്യിൽ നിന്ന് ചെലവായത് ഏകദേശം 10,605 ഡോളർ, അതായത് ഏകദേശം 10 ലക്ഷം ഇന്ത്യൻ രൂപയാണെന്ന് ഇവർ വെളിപ്പെടുത്തി. ദിവസേന ഏകദേശം 33,627 രൂപയോളം തങ്ങൾക്ക് ചെലവായെന്നും, ഈ തുക തങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്നും ദമ്പതികൾ പറഞ്ഞു.
യാത്രാച്ചെലവ് കൂടാനുള്ള പ്രധാന കാരണങ്ങൾ ദമ്പതികൾ തന്നെ വിശദീകരിക്കുന്നുണ്ട്. 30 ദിവസത്തിനുള്ളിൽ 13 നഗരങ്ങളാണ് ഇവർ സന്ദർശിച്ചത്. ഇതിനായി ആറ് വിമാനയാത്രകളും, ആറ് സ്വകാര്യ കാർ യാത്രകളും, രണ്ട് ട്രെയിൻ യാത്രകളും വേണ്ടിവന്നു. ഇത് വലിയൊരു തുക യാത്രാ ചെലവായി മാറ്റി. ബജറ്റ് ഹോസ്റ്റലുകൾക്ക് പകരം പ്രീമിയം ഹോട്ടലുകളാണ് ഇവർ താമസത്തിനായി തിരഞ്ഞെടുത്തത്. ഒരു രാത്രിക്ക് ഏകദേശം 12,064 രൂപയോളമാണ് താമസത്തിന് മാത്രം ഇവർ ചെലവാക്കിയത്. എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിച്ചത് ചെലവ് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ദമ്പതികളുടെ വെളിപ്പെടുത്തൽ ഓൺലൈൻ ലോകത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. ഇന്ത്യയിൽ ഒരു മാസം കൊണ്ട് ഇത്രയധികം തുക ചെലവാക്കിയതിനെ രാജകീയ ജീവിതം എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ, ചിലർ ദമ്പതികളെ പിന്തുണച്ചും രംഗത്തെത്തി. അതേസമയം, വളരെ കുറഞ്ഞ തുകയ്ക്ക് മാസങ്ങളോളം ഇന്ത്യയിൽ സഞ്ചരിച്ച അനുഭവസ്ഥരും കമന്റുകളുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

