ദിയ മിർസയുടെ പടക്കവിരുദ്ധ വിഡിയോ നീക്കിയതിൽ കോടതിക്ക് അതൃപ്തി
text_fieldsമുംബൈ: പരിസ്ഥിതി സൗഹൃദ ദീപാവലി ആഘോഷിക്കാൻ ആഹ്വാനം ചെയ്ത വിഡിയോയുടെ പേരിൽ ബോളിവുഡ് നടി ദിയ മിർസക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ വർഗീയ പരാമർശങ്ങളിലും അധിക്ഷേപങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബോംബെ ഹൈകോടതി. വിവാദത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്ന് വിഡിയോ നീക്കം ചെയ്ത സംഭവത്തിലാണ് ബോംബെ ഹൈകോടതി സ്വമേധയാ ഇടപെട്ടത്. മുംബൈ നഗരസഭയായ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനോട് (ബി.എം.സി) നീക്കിയ വിഡിയോ വീണ്ടും അപ്‌ലോഡ് ചെയ്യാനും നിർദേശിച്ചു.
ജസ്റ്റിസുമാരായ ഗിരീഷ് കുല്‍കർണി, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചിലരുടെ സങ്കുചിത ചിന്താഗതിയിൽ കടുത്ത വേദനയും അമർഷവും പ്രകടിപ്പിച്ച കോടതി, പരിസ്ഥിതിയെക്കുറിച്ചും വായു-ശബ്ദ മലിനീകരണത്തെക്കുറിച്ചും ബോധവത്കരണം നടത്താൻ തയാറാക്കിയ ഒരു വിഡിയോക്ക് രാഷ്ട്രീയ-മത നിറം നൽകിയത് നിർഭാഗ്യകരമാണെന്നും പറഞ്ഞു. പൊതുപദവികൾ വഹിക്കുന്നവരിൽനിന്ന് ഇത്തരം സമീപനം പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ബോധവത്കരണത്തിനായി ഒരു പ്രത്യേക വ്യക്തിയെ തിരഞ്ഞെടുത്തത് എന്തിനാണെന്ന് ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. വിവാദമുണ്ടായതിന്റെ പേരിൽ വിഡിയോ നീക്കംചെയ്ത ബി.എം.സിയുടെ നടപടിയും ശരിയായില്ലെന്ന് നിരീക്ഷിച്ചു.
ബി.എം.സിയുടെ പരിസ്ഥിതി സൗഹൃദ ദീപാവലി പ്രചാരണത്തിന്റെ ഭാഗമായി ദിയ മിർസ പങ്കുവെച്ച വിഡിയോ ആണ് വിവാദമായത്. വിഡിയോക്കെതിരെ മുംബൈ ബി.ജെ.പി അധ്യക്ഷൻ അമിത് സതം രംഗത്തെത്തിയതിനു മേയർ ഋതു താവ്‌ഡെ നടിയെ ‘ഹിന്ദുവിരുദ്ധ’യെന്നും വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഡിയോ നീക്കംചെയ്തത്.

