ധ്രുവ് റാഠിയെ വിട്ടയച്ചു; ജന്തർ മന്തറിലെത്താൻ ശ്രമിച്ചാൽ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ച യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠിയെ ശനിയാഴ്ച രാത്രി വൈകി വിട്ടയച്ചതായി ഉദ്യോഗസ്ഥൻ ഞായറാഴ്ച അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) ജന്തർ മന്തറിൽ പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കുമെന്ന് ധ്രുവ് റാഠി അറിയിച്ചിരുന്നു. സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ നിന്നാണ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിലക്കുകൾ നിലനിൽക്കെ ജന്തർ മന്തറിലെത്താൻ ശ്രമിച്ചാൽ റാഠിക്കെതിരെ കൂടുതൽ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. "വിലക്കുകൾ നിലനിൽക്കെ ജന്തർ മന്തറിലേക്ക് പോകാൻ ശ്രമിച്ചാൽ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുക്കുകയോ അല്ലെങ്കിൽ തുടർ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്തേക്കാം," എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയതായി മാധ്യമങ്ങൾ അറിയിച്ചു.
സമരത്തെ തടയാൻ റോഡ്, ട്രെയിൻ ഗതാഗതം വരെ തടസ്സപ്പെടുത്തിയ ഡൽഹി പൊലീസ് സമരത്തിൽ പങ്കെടുക്കുമെന്ന് സംശയിക്കുന്ന സകലരെയും പിടികൂടി കരുതൽ തടങ്കലിലാക്കുകയായിരുന്നു. സമരത്തിന് നേതൃത്വം നൽകാൻ ഡൽഹിയിലെത്തിയ സി.ജെ.പി നേതാക്കളായ അഭിജിത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ പുറത്തിറങ്ങാൻ അനുവദിക്കാതെ നാടകീയ നീക്കത്തിലൂടെ വിമാനത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് ഡെൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) സംബന്ധിച്ച ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ജന്തർ മന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് തടയുന്നതിനാണ് ഡൽഹി പൊലിസ് ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനും തടയാനുമായി റോഡ്, റെയിൽ ഗതാഗതമടക്കം തടഞ്ഞ്, യുദ്ധസമാന സുരക്ഷാ സന്നാഹമാണ് ഡൽഹിയിൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, പിണറായി വിജയൻ, മമതാ ബാനർജി എന്നിവരുൾപ്പെടെ ആയിരത്തിലധികം പേരെ ദേശീയ തലസ്ഥാനത്തുടനീളം കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതിഷേധക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്നതിൽ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രസ്താവന ഇറക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കപ്പെടണമെന്നും ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടനടി നിരുപാധികം വിട്ടയക്കണമെന്നും ഇന്ത്യൻ അധികാരികൾ ഉറപ്പാക്കണമെന്ന് യു.എൻ. ബോഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശങ്കകൾ "അസ്ഥാനത്താണെന്ന്" വിശേഷിപ്പിച്ച ഇന്ത്യ, അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രസ്താവന തള്ളി. ഇത് ഇന്ത്യയുടെ "ആഭ്യന്തര കാര്യങ്ങളിലുള്ള ആവശ്യമില്ലാത്ത ഇടപെടലാണെന്നും" ഇന്ത്യൻ അധികൃതർ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

