സമരത്തിന് ബി.ജെ.പിക്കാരെയും ക്ഷണിച്ച് ധ്രുവ് റാഠി; ‘ഇത് നിങ്ങളെയും ബാധിക്കുന്ന വിഷയം, ഈ പ്രതിഷേധത്തിലേക്ക് തീർച്ചയായും വരണം’
text_fieldsബംഗളൂരു: വോട്ടർ പട്ടക പരിഷ്‍കരണത്തിനും (എസ്.ഐ.ആർ) മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ നടത്തുന്ന പ്രക്ഷോഭത്തിലേക്ക് ബി.ജെ.പി പ്രവർത്തകരെയും ക്ഷണിച്ച് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. ബംഗളൂരുവിൽ ഗ്യാനേഷ്‍കുമാറിനും എസ്.ഐ.ആറിനുമെതിരെ നടന്ന ജനകീയ ട്രിബ്യൂണലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ഏതെങ്കിലും പാർട്ടിയുടെ പരിപാടിയല്ലെന്നും രാജ്യത്തെ ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം എന്ന് തോന്നുന്ന ഓരോ ബി.ജെ.പിക്കാരനും ഈ പ്രതിഷേധത്തിൽ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
‘ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. നിങ്ങൾ ഏത് പാർട്ടിക്ക് വോട്ട് ചെയ്യുന്ന ആളായാലും, നിങ്ങൾ ഒരു ബി.ജെ.പി വോട്ടർ തന്നെയാണെങ്കിൽ പോലും, ഈ വിഷയം നിങ്ങളെയും ബാധിക്കുന്ന ഒന്നാണ്. രാജ്യത്തെ ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ഈ വിഷയത്തെ പിന്തുണയ്ക്കണം. നിങ്ങളും ഈ പ്രതിഷേധത്തിലേക്ക് തീർച്ചയായും വരണം’ ധ്രുവ് റാഠി പറഞ്ഞു. വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അദ്ദേഹം സംസാരം തുടങ്ങിയത്.
തന്റെ ജീവിതത്തിലെ ആദ്യ പ്രതിഷേധ സമരമാണിതെന്ന് വ്യക്തമാക്കിയ ധ്രുവ് റാഠി, നരേന്ദ്ര മോദിയോട് തനിക്ക് മാത്രമല്ല രാജ്യം മുഴുവൻ എതിർപ്പുണ്ടെന്ന് തുറന്നടിച്ചു. ബംഗളൂരു ഫ്രീഡം പാർക്കിൽ വോട്ടർ പട്ടികയിലെ കൂട്ടവെട്ടലിനും തീവ്രപരിഷ്‍കരണത്തിനും (എസ്.ഐ.ആർ) എതിരെ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ധ്രുവ് റാഠിയും കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയും പ്രകാശ് രാജും മോദിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനം അഴിച്ചുവിട്ടത്.
താൻ ‘വോട്ട് ചോർ’ (വോട്ടുകള്ളൻ) എന്ന് പറയുമ്പോൾ നിങ്ങൾ ‘ഗദ്ദി ഛോഡ്’ (കസേര വിടൂ) എന്ന് പറയണം എന്നും ധ്രുവ് റാഠി ആഹ്വാനം ചെയ്തു. ഇത് ജനക്കൂട്ടം ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്തു.
‘പ്രകാശ് രാജ് സാർ എന്നെ ഇവിടേക്ക് ക്ഷണിച്ചു. കർണാടകയിലെ സിവില്‍ സൊസൈറ്റിയോട് ഞാൻ ഏറെ നന്ദി പറയാൻ ആഗ്രഹിക്കുന്നു. കാരണം എസ്.ഐ.ആറിന്റെ യഥാർഥ പ്രശ്നം തെളിവ് സഹിതം ഇവിടെ അവതരിപ്പിച്ചു. കഴിഞ്ഞ 10 ദിവസങ്ങളിൽ ഇവരുടെ സംഘടന ജില്ലകൾ തോറും പോയി ആരുടെയൊക്കെ പേരുകളാണോ വെട്ടിയത്, അവരെ കണ്ടുമുട്ടി. ആരെയാണോ മരിച്ചതായി പ്രഖ്യാപിച്ചത്, ആ ആളുകൾ നിങ്ങളുടെ മുന്നിൽ നിൽക്കുകയായിരുന്നു, നിങ്ങൾ അവരെ കാണുകയായിരുന്നു.
അതുകൊണ്ടാണ് ഞാൻ ‘വോട്ട് ചോർ ഗദ്ദി ഛോഡ്’ എന്നുപറയുന്നത്. അതുകൊണ്ടാണ് ഗ്യാനേഷ് കുമാർ രാജി വെച്ചേ തീരൂ എന്ന് ഞങ്ങൾ പറയുന്നത്. ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, ഇവിടെ എത്തിയ നിങ്ങളെക്കാൾ വലിയ രാജ്യസ്നേഹികൾ വേറെയാരുമില്ല. ഗ്യാനേഷ് കുമാർ എന്ന ദ്രോഹിയെ ഇപ്പോഴും ആരെങ്കിലും സംരക്ഷിക്കുന്നുണ്ടോ, അവരെക്കാൾ വലിയ രാജ്യദ്രോഹികൾ വേറെയാരുമില്ല. വന്ദേ മാതരം, ഭാരത് മാതാ കീ ജയ്’ -അദ്ദേഹം പറഞ്ഞു. തുടർന്ന് വോട്ട് ചോർ എന്ന മുദ്രാവാക്യം പലവട്ടം ധ്രുവ് റാഠി വിളിച്ചുകൊടുത്തപ്പോൾ സദസ്സ് ‘ഗദ്ദി ഛോഡ്’ എന്ന് ആവേശത്തോടെ തിരിച്ചുവിളിച്ചു.
എസ്.ഐ.ആറിന്റെ കരട് പട്ടികയിൽ തന്നെ രാജ്യവ്യാപകമായി 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത ട്രിബ്യൂണലിൽ നിരവധി പേർ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചു. ട്രിബ്യൂണലിന് ശേഷം പ്രതിഷേധക്കാർ ചെരുപ്പ് പ്രതിഷേധവും നടത്തി.
‘ഇതെന്റെ ആദ്യത്തെ സമരമാണ്. ഇന്നലെ ബംഗളൂരുവിൽ വിമാനമിറങ്ങിയപ്പോൾ, ഭരണം മാറ്റാൻ ധ്രുവ് റാഠി വരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നത് കണ്ടു. നരേന്ദ്ര മോദി വിചാരിക്കുന്നുണ്ടാകും എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ പ്രശ്നമുണ്ടെന്ന്; എന്നാൽ ഈ രാജ്യത്തിന് മുഴുവൻ അദ്ദേഹത്തോട് പ്രശ്നമുണ്ട്’ -ധ്രുവ് റാഠി വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 70 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ നീക്കം ചെയ്തുവെന്ന് ചോദ്യം ചെയ്ത റാഠി, ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും മാത്രമേ മറുപടി നൽകാൻ സാധിക്കൂ എന്ന് കൂട്ടിച്ചേർത്തു.
ബിഹാറിൽ 40 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തപ്പോൾ സുപ്രീം കോടതി ഇടപെട്ട് പട്ടിക പരസ്യപ്പെടുത്താൻ ആവശ്യപ്പെടുന്നത് വരെ ഗ്യാനേഷ് കുമാർ ഒരക്ഷരം മിണ്ടിയില്ല. ഉത്തർപ്രദേശിൽ പെട്ടെന്ന് 14 ലക്ഷം പേരുകൾ കൂട്ടിച്ചേർത്തത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവർ ആരാണെന്ന് ചോദ്യമുയർത്തി. ഗോവയിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ പേരുകൾ കൂട്ടിച്ചേർക്കാൻ ആഗ്രഹിച്ചിട്ടും ഇ.സി.ഐ അനുവദിച്ചില്ല. കർണാടകയിലെ 100 പോളിംഗ് സ്റ്റേഷനുകളിലെ ക്രമക്കേടുകൾ കേന്ദ്രീകരിച്ച് തയാറാക്കിയ എസ്.ഐ.ആർ സംബന്ധിച്ച പ്രത്യേക റിപ്പോർട്ടും ധ്രുവ് റാഠി ചടങ്ങിൽ പുറത്തുവിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

