ധർമേന്ദ്ര പ്രധാന്റെ ഭാവിയെന്ത്? ബി.ജെ.പിയുടെ സുപ്രധാന സംഘടനാ ചുമതലയിലേക്കെന്ന് സൂചന
text_fieldsഭുവനേശ്വർ: വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഒഴിഞ്ഞ ധർമേന്ദ്ര പ്രധാന് ബി.ജെ.പി സംഘടനാ ചുമതലകൾ ലഭിച്ചേക്കുമെന്ന് വിവരം. പാർട്ടിയുടെ ദേശീയതല തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സുപ്രധാന ചുമതലകളിലേക്ക് ധർമേന്ദ്ര പ്രധാനെ പരിഗണിക്കുന്നതായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
വിദ്യാർഥി പ്രക്ഷോഭത്തിന്റെയും പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്തുപോയത്. അതിനാൽ തന്നെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. എന്നാൽ, ധർമേന്ദ്ര പ്രധാന്റെ രാഷ്ട്രീയ സ്വാധീനത്തിന് രാജി തിരിച്ചടിയാകില്ലെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നു.
സംഘപരിവാർ പശ്ചാത്തലമുള്ള ധർമേന്ദ്ര പ്രധാന് പാർട്ടിയുടെ സംഘടനാ രംഗത്ത് ദീർഘകാല പരിചയമുണ്ട്. എ.ബി.വി.പിയിൽ പ്രവർത്തനം ആരംഭിച്ച പ്രധാൻ പിന്നീട് ബി.ജെ.പി യുവജന സംഘടനയിലും ദേശീയ ജനറൽ സെക്രട്ടറിയായും വിവിധ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായും പ്രവർത്തിച്ചിരുന്നു. ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളിൽ ധർമേന്ദ്ര പ്രധാൻ നിർണായക ചുമതലകൾ വഹിച്ചിരുന്നു. ഒഡിഷയിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനും ധർമേന്ദ്ര പ്രധാൻ നിർണായക പങ്ക് വഹിച്ചിരുന്നു.
പാർട്ടി പുനഃസംഘടനയുടെ ഭാഗമായി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും കണക്കിലെടുത്ത് ധർമേന്ദ്ര പ്രധാന് ദേശീയ സംഘടനാ തലത്തിൽ നിർണായക ഉത്തരവാദിത്വം നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കനത്ത വിദ്യാർഥി പ്രതിഷേധത്തിനൊടുവിൽ രാജിവേക്കേണ്ടി വന്നിട്ടും ധർമേന്ദ്ര പ്രധാന് എൻ.ഡി.എ നേതാക്കൾ നൽകിയ സ്വീകരണം വലിയ ചർച്ചയായിരുന്നു. തിങ്കളാഴ്ച സഭാ നടപടികൾക്കായി പാർലമെന്റ് സമുച്ചയത്തിലെത്തിയ പ്രധാനെ പാർലമെന്റിന്റെ മകരദ്വാറിന് മുന്നിൽ തടിച്ചുകൂടിയ ബി.ജെ.പി ഭരണകക്ഷി അംഗങ്ങൾ ഹാരമണിയിച്ചും പരമ്പരാഗത തൊപ്പി അണിയിച്ചുമാണ് സ്വീകരിച്ചത്.
നീറ്റ് വിവാദത്തിൽ പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി സംഘടിപ്പിച്ച രാജ്യവ്യാപക പ്രക്ഷോഭത്തെ തുടർന്ന് ജൂലൈ 25നാണ് പ്രധാൻ രാജി സമർപ്പിച്ചത്. രാജ്യവിരുദ്ധ ശക്തികൾ വിദ്യാർഥി പ്രക്ഷോഭത്തെ മുതലെടുക്കുന്നത് തടയാനും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാനുമാണ് താൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം മൊഴിയുന്നതെന്ന് എന്ന് എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

