ജഡ്ജിയുടെ ധർമ്മസ്ഥല ബന്ധം ചോദ്യം ചെയ്ത് സിപിഎം ജില്ല സെക്രട്ടറി; കോടതി മാറ്റാൻ നിർദേശം
text_fieldsമുനീർ കാട്ടിപ്പള്ള
മംഗളൂരു: ധർമ്മസ്ഥല ശ്രീക്ഷേത്ര അധീനതയിലുള്ള ലോകോളജിൽ പഠിക്കുകയും പിന്നീട് ജോലി സ്വീകരിക്കുകയും ചെയ്തിരുന്ന ജഡ്ജി നടത്തിയ ഏകപക്ഷീയ വിധി വിവാദത്തിൽ. ബംഗളൂരു പത്താം അഡീ. സിറ്റി ആൻഡ് സിവിൽ സെഷൻസ് കോടതി ജഡ്ജി ബി.വിജയ കുമാർ റൈയുടെ എക്സ്പാർട്ടി താൽക്കാലിക ഇഞ്ചങ്ഷൻ വിധി ചോദ്യം ചെയ്ത് സിപിഎം ദക്ഷിണ കന്നട ജില്ല സെക്രട്ടറി മുനീർ കാട്ടിപ്പള്ളയും ചാനൽ പ്രവർത്തകൻ ഉൾപ്പെടെ മറ്റു രണ്ടു പേരും സമർപ്പിച്ച ഹരജി മറ്റൊരു കോടതിയിലേക്ക് മാറ്റും. കോടതി ഏതെന്ന് ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മുനീർ 'മാധ്യമ'ത്തോട് പറഞ്ഞു.
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ധർമ്മസ്ഥല ധർമ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ എംപിയുടെ സഹോദരൻ ഡി. ഹർഷേന്ദ്ര കുമാർ കഴിഞ്ഞ മാസം 18ന് സമർപ്പിച്ച ഹരജിയിൽ ജഡ്ജി വിജയ കുമാർ റൈ അതേ ദിവസം തന്നെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ധർമ്മസ്ഥല ക്ഷേത്രം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചതിനു പുറമേ ഡി. വീരേന്ദ്ര ഹെഗ്ഡെയെ പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിൽ ജൂനിയർ അഭിഭാഷകനായും ജഡ്ജി പ്രവർത്തിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ജഡ്ജി സന്നദ്ധമാവുകയായിരുന്നു.
ഉത്തരവിനെ കഴിഞ്ഞ മാസം 24നാണ് മുനീറും ചാനൽ പ്രവർത്തകൻ നവീൻ സൂരിഞ്ചെയും പൊതുപ്രവർത്തകൻ ബൈരപ്പ ഹരീഷ് കുമാറും സംയുക്ത ഹരജിയിൽ ചോദ്യം ചെയ്തത്. അഞ്ച് ദിവസത്തെ വാദം കേൾക്കലുകൾക്ക് ശേഷം കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹരജിക്കാർ ആവശ്യപ്പെടുകയായിരുന്നു. ജഡ്ജി വിജയ കുമാർ റൈ1995 നും 1998 നും ഇടയിൽ ധർമ്മസ്ഥല മഞ്ജുനാഥേശ്വര ട്രസ്റ്റ് നടത്തുന്ന മംഗളൂരുവിലെ എസ്ഡിഎം ലോ കോളജിൽ പഠിച്ചിട്ടുണ്ട്. ഹർഷേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിലും ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിലും ധർമ്മസ്ഥല സ്ഥാപനങ്ങളെക്കുറിച്ച് പരാമർശിച്ചു.
ഡി ഹർഷേന്ദ്ര കുമാർ എസ്ഡിഎം ലോ കോളജിൻറെ ബോർഡ് ഓഫ് മാനേജ്‌മെൻറ് സെക്രട്ടറിയും സഹോദരൻ ഡി വീരേന്ദ്ര ഹെഗ്ഡെ പ്രസിഡൻറുമാണ്. ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം ധർമ്മാധികാരി കൂടിയാണ് വീരേന്ദ്ര ഹെഗ്ഡെ.എസ്‌ഡിഎം ലോ കോളജിലെ പഠനത്തിനുശേഷം മംഗളൂരുവിലെ ബല്ലാൽബാഗിലുള്ള പിപി ഹെഗ്‌ഡെയുടെ ഓഫിസിൽ ജോലി ചെയ്തുകൊണ്ടാണ് ജഡ്ജി റൈ തന്റെ കരിയർ ആരംഭിച്ചത്.
2004-ൽ മംഗളൂരുവിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി-മൂന്നിൽ വീരേന്ദ്ര ഹെഗ്ഡെ പത്രപ്രവർത്തകൻ ബി.വി. സീതാറാമിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തപ്പോൾ വിജയ കുമാർ റൈ പി.പി. ഹെഗ്‌ഡെയുടെ കീഴിൽ ജൂനിയറായി ജോലി ചെയ്തിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ച് 1979 ലെ ബംഗളൂരു സിറ്റി സിവിൽ കോടതി ആക്ടിലെ സെക്ഷൻ 13(2)(ബി) പ്രകാരം തുടർനടപടികൾക്കായി ഫയൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി മുമ്പാകെ സമർപ്പിച്ചുകൊണ്ട് ജഡ്ജി ബി.വിജയ കുമാർ റൈ ഉത്തരവിട്ടു.
താൻ ധർമ്മസ്ഥല കോളജിൽ പഠിച്ചിട്ടുണ്ടെന്നും എന്നാൽ വാദിയായ ഹർഷേന്ദ്ര കുമാറിനെ നേരിട്ടോ അല്ലാതെയോ ഒരു സമയത്തും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാദിയുടെ കുടുംബം നിയന്ത്രിക്കുന്ന എസ്ഡിഎം ലോ കോളജിലെ വിദ്യാർത്ഥിയായിരുന്നു പ്രിസൈഡിംഗ് ഓഫീസർ എന്നത് സമ്മതിക്കുന്നു. "നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നിലനിർത്താൻ നീതി നടപ്പാക്കുക മാത്രമല്ല, അത് നടപ്പാക്കപ്പെടുന്നതായി കാണുകയും വേണം" എന്ന് കുറിച്ചാണ് റൈ കോടതി മാറ്റാൻ ഉത്തരവിട്ടത്.
അതേസമയം എക്സ് പാർട്ടി താൽക്കാലിക ഇൻജക്ഷൻ എന്നത് എതിർ കക്ഷിയുടെ വാദം കേൾക്കാതെ പുറപ്പെടുവിക്കുന്ന ഉത്തരവാണ്. പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടം ഉൾപ്പെടുന്ന കേസുകളിലാണ് സാധാരണയായി എക്സ് പാർട്ടി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

