ധർമസ്ഥലയിൽ ചിന്നയ്യ ഹാജരാക്കിയ തലയോട്ടിക്ക് 40 വർഷം പഴക്കം
text_fieldsമംഗളൂരു : ധർമസ്ഥല കൂട്ട ശവസംസ്കാര കേസിന്നാധാരമായ വെളിപ്പെടുത്തൽ നടത്തിയ കർണാടക മാണ്ഡ്യയിലെ സി.എൻ. ചിന്നയ്യ കോടതിയിൽ തെളിവായി ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തി. ഇത് മെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽനിന്ന് വാങ്ങിയതാണെന്ന് അറിവായി. തലയോട്ടിക്ക് ഏകദേശം 40 വർഷം പഴക്കമുണ്ടെന്നും ദീർഘകാല ഉപയോഗത്തിനായി വാർണിഷ് പൂശിയിരിക്കുകയാണെന്നും വിദഗ്ധർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
ജൂലൈ 11ന് ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൊഴി രേഖപ്പെടുത്തിയ വേളയിലാണ് തലയോട്ടി ഹാജരാക്കിയിരുന്നത്. താൻ സംസ്കരിച്ച സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെടുത്തതായി ചിന്നയ്യ തന്റെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ കോടതിയിൽ അവകാശപ്പെട്ടിരുന്നു. വിദഗ്ധ പരിശോധനയിൽ അറിവായ ഈ തലയോട്ടിയുടെ യഥാർഥ അവസ്ഥ എസ്.ഐ.ടിക്ക് വെളിപ്പെടുത്തലിന്റെ ഗൂഢാലോചനയിലേക്കുള്ള സൂചനയായി.
അറസ്റ്റിനുശേഷമുള്ള ചോദ്യം ചെയ്യലിൽ ചിന്നയ്യ നൽകിയ വിവരങ്ങൾ പിന്തുടർന്ന് എസ്.ഐ.ടി ദൗത്യം തുടരും. അഭയം നൽകിയവർ മുതൽ ഗൂഢാലോചന ആസൂത്രണം ചെയ്തവരിൽ ഉൾപ്പെട്ടവർ വരെയുള്ള നിരവധി പേരുകൾ ചിന്നയ്യ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ മൊഴികളും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞവർക്ക് നോട്ടീസ് നൽകാൻ എസ്.ഐ.ടി ഒരുങ്ങുകയാണ്.
ഞായറാഴ്ച ചിന്നയ്യയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നു. ചിന്നയ്യയുടെ കാണാതായ മൊബൈൽ ഫോണിലും അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ചിന്നയ്യയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തന്റെ കൈവശമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു, എന്നാൽ ജൂലൈ 11 ന് തലയോട്ടിയുമായി കോടതിയിൽ ഹാജരാകുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സംഘം അത് എടുത്തുകൊണ്ടുപോയിരിക്കാമെന്ന് എസ്.ഐ.ടി സംശയിക്കുന്നു.
അതിനുശേഷം അഭിഭാഷകനുമായി ആശയവിനിമയം നടത്താൻ മാത്രമേ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നുള്ളൂ. അഭിഭാഷകനായ ധനഞ്ജയുടെ ഉപദേശപ്രകാരം ചിന്നയ്യ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങൾ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്.ഐ.ടി ഇപ്പോൾ സംശയിക്കുന്നത്.
സുജാത ഭട്ടിന് സമൻസയച്ചു; വീടിന് പൊലീസ് കാവൽ
മംഗളൂരു: മണിപ്പാൽ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥി എന്നവകാശപ്പെടുന്ന അനന്യ ഭട്ടിന്റെ തിരോധാന കേസിൽ നേരത്തേ ശ്രദ്ധ നേടിയ 'മാതാവ് 'സുജാത ഭട്ടിന് എസ്.ഐ.ടി സമൻസ് അയച്ചു. ധർമസ്ഥല സന്ദർശിച്ചശേഷം മകളെ കാണാതായതിന്റേയും പരാതി പറഞ്ഞപ്പോൾ തനിക്കേറ്റ മർദനത്തിന്റേയും സംഭ്രമജനക കഥകൾ പറഞ്ഞ അവർ പൈതൃക സ്വത്ത് കിട്ടാൻ മെനഞ്ഞ കള്ളം എന്ന് വെളിപ്പെടുത്തി പിന്മാറുകയായിരുന്നു.
സുജാത ഭട്ടിന്റെ ജീവിത പരിസരം എസ്.ഐ.ടി അന്വേഷിച്ചു. ബംഗളൂരുവിനടുത്ത ബനശങ്കരി മൂന്നാം ഘട്ടത്തിൽ പത്മനാഭനഗറിലെ പഴയ വാടക ഫ്ലാറ്റിലാണ് ഇവർ താമസിക്കുന്നത്. മൊഴിമാറ്റിയ ശനിയാഴ്ച മുതൽ ഇവരുടെ സുരക്ഷക്കായി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സുജാത ഭട്ട് വളരെ സ്വകാര്യ സ്വഭാവമുള്ള വ്യക്തിയായിരുന്നെന്ന് രണ്ടു പതിറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് താമസിക്കുന്ന വൃദ്ധ അയൽക്കാരൻ പറഞ്ഞു. -"ഞങ്ങൾ ഇടക്കിടെ കാണുമായിരുന്നു. പക്ഷേ, അവർ സ്വയം ഒതുങ്ങി നിന്നു. ഇതെല്ലാം ഞെട്ടിപ്പിക്കുന്നതാണ്.-"
അയൽക്കാർക്ക് ആർക്കും സുജാത ഭട്ടിനെ വ്യക്തിപരമായി അറിയില്ലെന്നും ഒറ്റപ്പെട്ടാണ് താമസിക്കുന്നതെന്നും പാർക്കിനടുത്ത് ഔഷധപാനീയങ്ങൾ വിൽക്കുന്നത് കണ്ടതായും അയൽക്കാരിൽ ഒരാൾ പറഞ്ഞു. 1985 മുതൽ 2025 വരെയുള്ള അവരുടെ സ്വകാര്യചരിത്രം അന്വേഷണ ഉദ്യോഗസ്ഥർ സമാഹരിക്കുന്നുണ്ട്. ഉടുപ്പി, ബംഗളൂരു, ശിവമൊഗ്ഗ, സൂറത്ത്കൽ എന്നിവിടങ്ങളിലെ അവരുടെ താമസം, അവരുടെ ദാമ്പത്യ ജീവിതം, 2003ൽ അനന്യയുടെ തിരോധാനത്തെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നെന്നും എസ്.ഐ.ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

