ധർമസ്ഥല വെളിപ്പെടുത്തൽ: ജീവനു ഭീഷണിയുണ്ടെന്ന് മനാഫ്; പൊലീസ് സംരക്ഷണത്തിൽ എസ്.ഐ.ടി മുമ്പാകെ ഹാജരാവും
text_fieldsമനാഫ്
കോഴിക്കോട്: ധർമ്മസ്ഥല വെളിപ്പെടുത്തൽ കേസിൽ നോട്ടീസ് ലഭിച്ച മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.
വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനെ തുടർന്ന് ഓണവും നബിദിനവും കണക്കിലെടുത്ത് രണ്ടു ദിവസം കഴിഞ്ഞ് ഹാജരാകാൻ മനാഫ് അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചാണ് തിങ്കളാഴ്ച ഹാജാരാകാൻ അനുവാദം നൽകിയത്. അതേസമയം, ജീവനു ഭീഷണിയുണ്ടെന്നും, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും മനാഫ് അറിയിച്ചു. ഈ ആവശ്യവുമായി കമ്മീഷണറെ കണ്ടിരുന്നു. കേരള പൊലീസിന്റെ സംരക്ഷണയിലാകും എസ്.ഐ.ടിക്ക് മുമ്പിൽ ഹാജരാവുന്നതെന്നും മനാഫ് പറഞ്ഞു.
മതസ്പർധ ആരോപിച്ച് ഉഡുപ്പി പൊലീസ് തനിക്കെതിരെ കേസ് എടുത്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ, താൻ ഇതുവരെ നടത്തിയ വെളിപ്പെടുത്തലുകളിൽ ഉറച്ചു നിൽക്കുന്നതായും വ്യക്തമാക്കി. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും. കൈവശമുള്ള തെളിവുകൾ എസ്.ഐ.ടിക്ക് സമർപ്പിക്കുമെന്നും മനാഫ് പറഞ്ഞു.
ധർമസ്ഥലയിൽ ഒരുപാട് സ്ത്രീകൾ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും, അവർക്ക് നീതി നേടികൊടുക്കുന്നതിനു വേണ്ടിയാണ് വിഷയത്തിൽ ഇടപെട്ടതെന്നും യൂ ട്യൂബ് വീഡിയോയിലൂടെ മനാഫ് പറഞ്ഞു. ധർമസ്ഥല കേസ് സത്യസന്ധമാണ്. പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്. ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസത തീരുമാനിക്കേണ്ടത് എസ്.ഐ.ടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായത്- മനാഫ് പറഞ്ഞു.
ശുചീകരണ തൊഴിലാളി മൊഴിമാറ്റിയെങ്കിലും അവിടെ നിന്നും ലഭിച്ച അസ്ഥികൂടങ്ങൾ ചോദ്യചിഹ്നമാണ്. ഞങ്ങളുടെ പിന്നിൽ ഒരു ഗൂഢാലോചനയുമില്ലെന്നും. വിദേശ ഫണ്ടോ, സഹായമോ ഒന്നുമില്ല -അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടേത് ഉൾപ്പെടെ നൂറിലേറെ മൃതദേഹം ധർമസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും പൊതുശ്രദ്ധയിലെത്തുന്നത്. പിന്നാലെ, ധർമസ്ഥല വിഷയത്തിൽ മനാഫ് നിരന്തരം വീഡിയോകൾ പുറത്തു വിട്ടിരുന്നു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയുടെ ഉടമയായിരുന്നു മനാഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

