ധർമസ്ഥല കൂട്ടക്കൊല: പരാതിക്ക് പിന്നിൽ കേരള സർക്കാറെന്ന് ബി.ജെ.പി; ‘പരാതി ഉന്നയിച്ചയാൾ ഒരു മുസ്ലിം വ്യക്തി, കേസിന്റെ പശ്ചാത്തലം കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്നു’
text_fieldsബംഗളൂരു: ധർമസ്ഥലയിലെ കൂട്ടക്കൊല സംബന്ധിച്ച അജ്ഞാത പരാതിക്ക് പിന്നിൽ കേരള സർക്കാറാണെന്ന ആരോപണവുമായി കർണാടക ബി.ജെ.പി. ചൊവ്വാഴ്ച മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ബി.ജെ.പി നേതാവും കർണാടക നിയമസഭ പ്രതിപക്ഷ നേതാവുമായ ആർ. അശോകയാണ് ആരോപണമുന്നയിച്ചത്.
‘പരാതിക്ക് പിന്നിലെ അദൃശ്യ കരങ്ങൾ കേരള സർക്കാറിന്റേതാണ്. ചിലർ മനഃപൂർവം കേസ് കുഴഞ്ഞുമറിഞ്ഞതാക്കുകയാണ്. പരാതി ഉന്നയിച്ചയാൾ ഒരു മുസ്ലിം വ്യക്തിയാണ്. ഈ കേസിന്റെ മുഴുവൻ പശ്ചാത്തലവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുകയാണ്’ - അശോക പറഞ്ഞു.
‘എസ്.ഐ.ടി അന്വേഷണ തീരുമാനം സ്വാഗതാർഹമാണ്. അതിനെ ധർമസ്ഥല അതോറിറ്റി പോലും സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, ഈ പറയപ്പെടുന്ന പുരോഗമന ഗ്രൂപ്പുകൾ നാളെ ഒരുപക്ഷേ, എസ്.ഐ.ടിയുടെ കണ്ടെത്തലുകൾ അംഗീകരിച്ചെന്നുവരില്ല. അവർക്കനുകൂലമാണ് റിപ്പോർട്ടെങ്കിൽ അവർ അംഗീകരിക്കും. അല്ലാത്തപക്ഷം, അന്വേഷണത്തിൽ അപാകമുണ്ടെന്ന് അവർ കുറ്റപ്പെടുത്തും. പരാതിക്കാരൻ ബോംബാണോ ഇട്ടത് അതോ പൊട്ടാസാണോ എന്ന് കാത്തിരുന്ന് കാണാം. ധർമസ്ഥല കേസ് കേരളത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിന് പിന്നിലെ ഗൂഢാലോചന അന്വേഷണത്തിൽ പുറത്തുവരും. അതിനുശേഷം ഞാൻ കൂടുതൽ പ്രതികരിക്കാം’ -ആർ. അശോക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

