Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധർമസ്ഥലയിൽ വീണ്ടും...

ധർമസ്ഥലയിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

text_fields
bookmark_border
ധർമസ്ഥലയിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
cancel
camera_alt

എസ്ഐടി സംഘം ധർമസ്ഥല വനമേഖലയിൽ ബുധനാഴ്ച പരിശോധന നടത്തുന്നു

മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബുധനാഴ്ച നേത്രാവതി സ്നാനഘട്ടത്തിന് സമീപം ബംഗ്ലഗുഡ്ഡയിൽ ഒമ്പത് സ്ഥലങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ബംഗ്ലഗുഡ്ഡയിലെ 12 ഏക്കർ വനമേഖലയിൽ നിരവധി അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടുവെന്ന വിട്ടൽ ഗൗഡയുടെ അവകാശവാദത്തെ തുടർന്നാണ് എസ്‌ഐടി തിരച്ചിൽ പുനരാരംഭിച്ചത്. 13 വർഷം മുമ്പ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിയു കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) മാതൃസഹോദരനാണ് വിട്ടൽ ഗൗഡ.

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി കർണാടക മാണ്ഡ്യ സ്വദേശി ചിന്നയ്യ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന്ജൂലൈ 19ന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച എസ്ഐടി ചിന്നയ്യ അടയാളപ്പെടുത്തിയ 17 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നില്ല. പിന്നാലെ അയാൾ മൊഴിമാറ്റി.

ധർമസ്ഥലയിൽ നിന്ന് കുഴിച്ചെടുത്തത് എന്നവകാശപ്പെട്ട് ചിന്നയ്യ ഹാജരാക്കിയ തലയോട്ടി വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ നിന്ന് സംഘടിപ്പിച്ചതാണെന്നും അതിന് 40 വർഷം പഴക്കമുണ്ടെന്നുമുള്ള നിഗമനത്തിൽ എത്തിയതോടെ കേസ് അന്വേഷണം വഴിതിരിഞ്ഞിരുന്നു. എന്നാൽ ചിന്നയ്യക്ക് തലയോട്ടി താൻ ധർമസ്ഥലയിൽ നിന്ന് കുഴിച്ചെടുത്ത് നൽകിയാണെന്ന വെളിപ്പെടുത്തലോടെ വിട്ടൽ ഗൗഡ രംഗത്ത് വരികയായിരുന്നു.

ഈ മാസം രണ്ടു ദിവസങ്ങളിലായി എസ്ഐടി ഗൗഡയെ ബംഗ്ലഗുഡ്ഡയിൽ ഒപ്പം കൊണ്ടുപോയി മഹസർ തയ്യാറാക്കി. ഇതിന്റെ വിവരങ്ങളും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുവെന്ന വെളിപ്പെടുത്തലുമായി ഗൗഡ വിഡിയോ പുറത്തിറക്കി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എസ്ഐടി ഖനനം പുനരാരംഭിച്ചത്.

ചിന്നയ്യ നേരത്തെ ചൂണ്ടിക്കാട്ടിയ 11-ാം സ്ഥലത്ത് നിന്ന് കുറച്ച് മാറിയാണ് ബുധനാഴ്ച അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി എസ്‌ഐടി അസ്ഥികൂടങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൗജന്യയുടെ അമ്മാവൻ വിട്ടൽ ഗൗഡ പരാമർശിച്ച അതേ സ്ഥലം തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എസ്‌ഐടി ഉദ്യോഗസ്ഥർ, ബെൽത്തങ്ങാടി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് വിദഗ്ധർ, ക്രൈം സീൻ ഓഫീസർമാർ (സോക്കോ), റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ, തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് നേത്രാവതി കുളിക്കടവിന് സമീപമുള്ള വനത്തിൽ തിരച്ചിൽ നടത്തിയത്. എസ്‌ഐടി എസ്‌പിമാരായ ജിതേന്ദ്ര കുമാർ ദയാമ, സിഎ സൈമൺ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurialSkeletal remainsDharmasthala
News Summary - Dharmasthala burial case | SIT recovers skeletal remains near Banglegudda forest
Next Story