കർണാടക ഡി.ജി.പി ഓഫിസിലെ പൊലീസുകാരന് കോവിഡ്
text_fieldsബംഗളൂരു: ഡി.ജി.പി ഓഫിസിലെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. പൊലീസുകാരുടെ സാമ്പിൾ പരിശോധനയുടെ ഭാഗമായാണ് സ്രവം ശേഖരിച്ചത്. ഇയാൾ ഒരാഴ്ച മുമ്പ് വടക്കൻ കർണാടകയിലുള്ള വീട്ടിൽ പോയിരുന്നു.
തിരികെ വന്നശേഷം പനിയുടെ ലക്ഷണം ഉണ്ടായതോടെയാണ് പരിശോധന നടത്തിയത്. ഞായറാഴ്ച വൈകീട്ടാണ് ഫലം പോസിറ്റിവ് ആണെന്ന വിവരം ലഭിച്ചത്.
ഡി.ജി.പി പ്രവീൺ സൂദ്, എ.ഡി.ജി.പിമാർ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫിസുകൾ ഇവിടെയാണ്. എന്നാൽ, രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ ഉന്നത പൊലീസ് അധികാരികളുടെ ഓഫിസ് പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെതുടർന്ന് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് പരിസരം ശുചീകരിച്ചു. നേരത്തേ ബംഗളൂരുവിൽ രണ്ടു പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ രണ്ടുപേരും രോഗമുക്തരായി.
