യാത്ര പുറപ്പെടുംമുമ്പ് ആറു വിധത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കണം; എയർ ഇന്ത്യക്ക് ഡി.ജി.സി.എയുടെ കർശന നിർദേശം
text_fieldsന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷ പരിശോധന കർശനമാക്കാൻ എയർ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശം. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജൂൺ 15 മുതൽ വിമാനങ്ങൾ പുറപ്പെടുംമുമ്പ് ഒറ്റഘട്ട സുരക്ഷാ പരിശോധന നിർബന്ധമാക്കി.
ആറു വിധത്തിലുള്ള പരിശോധനകളാണ് പൂർത്തിയാക്കേണ്ടത്. ഇതിന്റെ ഭാഗമായി നിർദേശങ്ങളും പുറത്തിറക്കി. ഇന്ധന ടാങ്കുകളുടെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും പ്രവർത്തനം പരിശോധിച്ച് ഉറപ്പുവരുത്തണം. വിമാന കാബിനുകളിൽ വായു നിയന്ത്രണ സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. എൻജിൻ നിയന്ത്രിക്കുന്ന സ്വിച്ചുകളടക്കമുള്ള ഭാഗങ്ങൾ പരിശോധിക്കണം. യന്ത്രഭാഗങ്ങളുടെ പ്രവർത്തനവും ഓയിൽ സംവിധാനത്തിന്റെ പ്രവർത്തനവും പരിശോധിക്കണം. ഹൈഡ്രോളിക് സിസ്റ്റത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തണം. വിമാനം ടേക്ക് ഓഫ് നടത്തുന്നതുമായി ബന്ധപ്പെട്ടും പരിശോധിക്കണമെന്ന് ഡി.ജി.സി.എ നിർദേശത്തിൽ പറയുന്നു.
ഇതിന് പുറമെ, രണ്ടാഴ്ചക്കകം വിമാനങ്ങളുടെ എൻജിനടക്കം യന്ത്രഭാഗങ്ങളുടെ പരിശോധന പൂർത്തിയാക്കണം. 15 ദിവസത്തിനുള്ളിൽ ഏതെങ്കിലും തരത്തിൽ തകരാറുകൾ ആവർത്തിച്ചിട്ടുണ്ടെങ്കിൽ അടിയന്തര വിലയിരുത്തൽ പരിശോധന നടത്തി പരിഹരിച്ചുവെന്ന് ഉറപ്പുവരുത്തണം. വിശദവിവരങ്ങൾ ഉൾപ്പെടുത്തി സമയാസമയങ്ങളിൽ ഡി.ജി.സി.എക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിലും സുരക്ഷാ പരിശോധന നടത്താനും ഡി.ജി.സി.എ നിർദേശം നൽകി. ജെൻക്സ് എൻജിനുകൾ ഘടിപ്പിച്ച എയർ ഇന്ത്യയുടെ എല്ലാ ബോയിങ് ഡ്രീംലൈനർ വിമാനങ്ങളെയും ഇത്തരത്തിൽ അടിയന്തര സുരക്ഷ പരിശോധനക്ക് വിധേയമാക്കും. പ്രാദേശിക ഡി.ജി.സി.എ ഓഫിസുകളുടെ നേതൃത്വത്തിലാകും പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

