പ്രതിസന്ധിക്ക് പിന്നിൽ അഞ്ച് കാരണങ്ങളെന്ന് ഇൻഡിഗോ; ഡി.ജി.സി.എ നോട്ടീസിന് മറുപടി, വിശദമായ വിവരങ്ങൾക്ക് സമയം അനുവദിക്കണമെന്നും ആവശ്യം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തുടനീളം വിമാന സർവീസുകൾ തടസ്സപ്പെട്ട സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡി.ജി.സി.എ) നോട്ടീസിന് മറുപടി നൽകി ഇൻഡിഗോ എയർലൈൻസ്. പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി പരിമിതപ്പെടുത്തൽ ചട്ടങ്ങളും (എഫ്.ഡി.ടി.എൽ), ശൈത്യകാല സർവീസ് ക്രമീകരണങ്ങളുമടക്കം പ്രതിസന്ധിയുടെ അഞ്ച് കാരണങ്ങൾ വ്യക്തമാക്കിയാണ് ഇൻഡിഗോ മറുപടി നൽകിയത്.
വിമാന സർവീസുകൾ വ്യാപകമായി മുടങ്ങിയതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഡി.ജി.സി.എ ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്‌സ്, സി.ഒ.ഒ ഇസിഡ്രെ പോർക്വെറസ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഞായറാഴ്ച മറുപടി നൽകേണ്ടിയിരുന്ന ഉദ്യോഗസ്ഥർ, വിശദമായ മറുപടി തയ്യാറാക്കുന്നതിനായി തിങ്കളാഴ്ച വൈകീട്ട് ആറ് വരെ സമയം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇരുവരും തിങ്കളാഴ്ച വൈകീട്ട് ആറോടെ മറുപടി സമർപ്പിച്ചത്.
നോട്ടീസിൽ അനുവദിച്ച കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായി ഒരു കാരണം ചൂണ്ടിക്കാനാവാത്ത സാഹചര്യമാണെന്ന് കമ്പനി മറുപടിയിൽ പറയുന്നു. ഡി.ജി.സി.എ മാന്വൽ അനുസരിച്ച് മറുപടി നൽകാൻ 15 ദിവസത്തെ സമയം അനുവദിക്കേണ്ടതുണ്ട്. ഇതനുസരിച്ച് കൃത്യവും വ്യക്തവുമായ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഇൻഡിഗോ ആവശ്യപ്പെട്ടു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അധികൃതർക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ തീയതി ഈ ആവശ്യം അംഗീകരിക്കപ്പെടുമോ എന്ന് കണ്ടറിയണം. മറ്റ് വിമാനക്കമ്പനികൾക്ക് മാതൃകയാകുന്ന രീതിയിൽ ഇൻഡിഗോക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി ആർ.എം. നായിഡു പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി പരിമിതപ്പെടുത്തൽ ചട്ടങ്ങൾ ഇതര കമ്പനികൾ വിജയകരമായി നടപ്പിലാക്കിയെങ്കിലും ആഭ്യന്തര പ്രതിസന്ധി മൂലം ഇൻഡിഗോക്ക് അത് സാധിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കനത്ത പിഴക്ക് പുറമെ, സി.ഒ.ഒ അടക്കം ഇൻഡിഗോ നേതൃത്വത്തിനെതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന. പ്രതിസന്ധിക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന പ്രധാനികളോട് കമ്പനി രാജിയാവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ചെറിയ സാങ്കേതിക തകരാറുകൾ, ശൈത്യകാലത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ വ്യോമയാന സംവിധാനത്തിലെ തിരക്ക് വർദ്ധിപ്പിച്ചത്, നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന എഫ്.ഡി.ടി.എൽ ചട്ടങ്ങൾ എന്നിങ്ങനെയാണ് ഇൻഡിഗോ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ.
പൈലറ്റുമാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചിട്ടും, ശനിയാഴ്ച മാത്രം ഇൻഡിഗോ 400-ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. അതേസമയം, ജെ.ഡി.യു എം.പി സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി സിവിൽ ഏവിയേഷൻ മന്ത്രാലയ ഉദ്യോഗസ്ഥരെയും മറ്റ് സ്വകാര്യ വിമാനക്കമ്പനി പ്രതിനിധികളെയും വിളിച്ചുവരുത്തി വിവരങ്ങളാരാഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും ചില ഇൻഡിഗോ വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഡൽഹി എയർപോർട്ട് അതോറിറ്റി നിർദ്ദേശിച്ചു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്കായി ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നൽകിയതായി ഇൻഡിഗോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

