വിമാനയാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും ഇനി മുൻകൂട്ടി അറിയാം
text_fieldsന്യൂഡൽഹി: വിമാനയാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിരക്കിനൊപ്പം ടിക്കറ്റ് റദ്ദാക്കിയാലുള്ള ചാർജും പണം തിരികെ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും പ്രത്യേകം വ്യക്തമാക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം. യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ പൂർണവിവരങ്ങൾ മുൻകൂട്ടി അറിയാനും അധിക ചാർജുകളെക്കുറിച്ച് വ്യക്തത ലഭിക്കാനുമാണ് കേന്ദ്രസർക്കാർ പുതിയ വ്യോമയാന ചട്ടങ്ങൾ കൊണ്ടുവന്നത്. 2027 ജനുവരി ഒന്നുമുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
അടുത്തിടെ പ്രാബല്യത്തിൽ വന്ന 'ഭാരതീയ വായുയാൻ അധീനിയം, 2024' എന്ന നിയമത്തിന് കീഴിലാണ് ഈ പുതിയ ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. 1937-ലെ പഴയ എയർക്രാഫ്റ്റ് റൂൾസിന് പകരമായാണ് പുതിയ നിയമം കൊണ്ടുവന്നത്.
പുതിയ ചട്ടങ്ങളിലെ 192ാം വകുപ്പ് പ്രകാരം വിമാനക്കമ്പനികളുടെ ബുക്കിങ് വെബ്സൈറ്റുകളിലും യാത്രക്കാർക്ക് നൽകുന്ന ടിക്കറ്റുകളിലും അടക്കേണ്ട ആകെ തുക വ്യക്തമാക്കണം. ടിക്കറ്റ് നിരക്ക്, നികുതികൾ, മറ്റ് ഫീസുകൾ, ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചാർജ്, റീഫണ്ട് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ തുടങ്ങി ഓരോ ഇനത്തിനും ഈടാക്കുന്ന തുക പ്രത്യേകം രേഖപ്പെടുത്തണം. ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ യാത്രക്കാർക്ക് ആകെ ചെലവ് എത്രയാണെന്നും ടിക്കറ്റ് റദ്ദാക്കിയാൽ എന്തെല്ലാം നിബന്ധനകളാണ് ബാധകമാകുകയെന്നും മനസ്സിലാക്കാനാകും.
ഇന്ത്യയിൽ സർവീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിദേശ കമ്പനികൾക്കും ഈ നിയമം ബാധകമാണ്. കൂടാതെ തങ്ങളുടെ ടിക്കറ്റ് നിരക്കുകൾ വ്യക്തമായ ഫോർമാറ്റിൽ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും വിമാനക്കമ്പനികൾക്ക് ബാധ്യതയുണ്ട്. ഡി.ജി.സി.എ നിർദേശിക്കുന്ന രീതിയിലും ഫോർമാറ്റിലുമായിരിക്കണം ഇത്. ആഭ്യന്തര ഷെഡ്യൂൾഡ് വിമാനക്കമ്പനികൾ തങ്ങളുടെ ടിക്കറ്റ് നിരക്കുകൾ ഡി.ജി.സി.എക്ക് സമർപ്പിക്കുകയും വേണം. ഈ നിരക്കുകൾ ഡി.ജി.സി.എ നിരീക്ഷിക്കുകയും ചെയ്യും.
നിലവിലുണ്ടായിരുന്ന 1937ലെ എയർക്രാഫ്റ്റ് റൂൾസിലും ടിക്കറ്റ് നിരക്കിന്റെ ആകെ തുകയും അതിന്റെ വിശദമായ കണക്കും യാത്രക്കാരെ അറിയിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ടിക്കറ്റ് നിരക്ക്, നികുതികൾ, ഫീസുകൾ, മറ്റ് ചാർജുകൾ എന്നിവ വ്യക്തമാക്കണമെന്നായിരുന്നു പഴയ നിയമം. എന്നാൽ പുതിയ ചട്ടത്തിൽ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചാർജും റീഫണ്ട് വ്യവസ്ഥകളും പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പുതന്നെ റദ്ദാക്കൽ സംബന്ധിച്ച സാമ്പത്തിക ബാധ്യതകൾ യാത്രക്കാർക്ക് മനസ്സിലാക്കാൻ കഴിയും.
പ്രവർത്തനച്ചെലവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചായിരിക്കണം വിമാനക്കമ്പനികൾ നിരക്കുകൾ നിശ്ചയിക്കേണ്ടതെന്നും പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. അസാധാരണ സാഹചര്യങ്ങളിൽ പൊതുതാൽപര്യം മുൻനിർത്തി വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാറിന് രേഖാമൂലം നിർദേശം നൽകാം. എന്നാൽ സാഹചര്യത്തിന് ആനുപാതികമായിരിക്കണം ഇത്തരം നിർദേശങ്ങൾ. നിശ്ചിത കാലയളവിലേക്ക് മാത്രമേ അവ പ്രാബല്യത്തിൽ തുടരുകയുള്ളൂ.
അതേസമയം, പുതിയ നിയമം വിമാന ടിക്കറ്റ് നിരക്കുകൾക്ക് സ്ഥിരമായ പരിധി നിശ്ചയിക്കുന്നില്ല. ഓരോ ടിക്കറ്റിന്റെയും നിരക്ക് നിശ്ചയിക്കാൻ സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥയും ഇതിലില്ല. സാധാരണ സാഹചര്യങ്ങളിൽ വിമാനക്കമ്പനികൾക്ക് തുടർന്നും സ്വന്തം നിലയിൽ നിരക്കുകൾ നിശ്ചയിക്കാം. എന്നാൽ നിരക്കുകൾ ഡി.ജി.സി.എക്ക് സമർപ്പിക്കണം, റെഗുലേറ്ററുടെ നിരീക്ഷണത്തിന് വിധേയമാകണം തുടങ്ങിയ വ്യവസ്ഥകളാണ് പുതിയ ചട്ടങ്ങൾ മുന്നോട്ടുവെക്കുന്നത്. അടിയന്തരവും അസാധാരണവുമായ സാഹചര്യങ്ങളിൽ സർക്കാറിന് ഇടപെടാനുള്ള അധികാരവും പുതിയ ചട്ടക്കൂടിൽ നിലനിർത്തിയിട്ടുണ്ട്.

