പൈലറ്റുമാരുടെ ലഹരി ഉപയോഗം: മിന്നൽ പരിശോധന പരിഗണനയിൽ
text_fieldsന്യൂഡൽഹി: വാണിജ്യ പൈലറ്റുമാരെ വർഷം മുഴുവനും ഇടക്കിടെ ലഹരി പരിശോധനക്ക് വിധേയമാക്കുന്ന കാര്യം സിവിൽ വ്യോമയാന വകുപ്പ് പരിഗണിക്കുന്നു. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിലവിലെ ഡ്രഗ്-ടെസ്റ്റിങ് മാനദണ്ഡങ്ങൾ ശക്തിപ്പെടുത്താൻ ഡി.ജി.സി.എ ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിവരുകയാണെന്ന് വ്യോമയാന വകുപ്പ് മന്ത്രി റാംമോഹൻ നായിഡു അറിയിച്ചു.
മൊത്തം പൈലറ്റുമാരിൽ 10 ശതമാനം പേരിലാണ് നിലവിലെ ചട്ടം അനുസരിച്ച് ഡ്രഗ് ടെസ്റ്റ് നടത്തുന്നത്. ഇനിമുതൽ എല്ലാ പൈലറ്റുമാരും വർഷം മുഴുവൻ ഇടക്കിടെ ടെസ്റ്റിന് വിധേയമാകണമെന്ന അഭിപ്രായമാണ് പരിഗണിക്കുന്നത്. ബന്ധപ്പെട്ടവർ ഈ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ഈയിടെ ഫുക്കറ്റ് -ഡൽഹി എയർ ഇന്ത്യ വിമാനത്തിന്‍റെ ഉയരം പൊടുന്നനെ താഴ്ന്ന പശ്ചാത്തലത്തിൽ ടെസ്റ്റ് നടത്തിയപ്പോൾ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നിലവിലെ ചട്ടങ്ങൾ പുനഃപരിശോധിച്ച് നയം കർശനമാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കൂടിയാലോചന നടക്കുന്നതെന്ന് മന്ത്രി വിശദമാക്കി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഇതിനകം ലഹരി പരിശോധനക്ക് എല്ലാ പൈലറ്റുമാരെയും വിധേയമാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

