Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടികജാതിയിൽ നിന്ന് പുറത്തുകടക്കാൻ ദേവേന്ദ്രകുല വേളാളർ തിടുക്കപ്പെടുന്നതെന്തിന്?

text_fields
bookmark_border
പട്ടികജാതിയിൽ  നിന്ന് പുറത്തുകടക്കാൻ ദേവേന്ദ്രകുല വേളാളർ തിടുക്കപ്പെടുന്നതെന്തിന്?
cancel

ന്യൂഡൽഹി: സംവരണ ആനുകൂല്യങ്ങൾക്കായി പിന്നാക്ക വിഭാഗ പട്ടികയിൽ വരണമെന്ന് വിവിധ സമുദായങ്ങൾ ആവശ്യപ്പെടുന്നതിനിടെ, നിലവിലുള്ള പട്ടികയിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ ദേവേന്ദ്രകുല വേളാളർ സമൂഹം. പട്ടികജാതി (എസ്.സി) പദവി തങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് തടസമാകുന്നുവെന്നും ആത്മാഭിമാനത്തിനായി പട്ടികയിൽനിന്ന് പുറത്തുകടക്കണമെന്നുമാണ് സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ബോംബോ ഐ.ഐ.ടിയിലെ വിദ്യാർഥി സാഹിൽ വാക്കോഡെയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ദേവേന്ദ്രകുല വേളാളർ വിഭാഗത്തിൽപ്പെട്ട അനന്തൻ അയ്യാസാമി നടത്തിയ പ്രതികരണം വീണ്ടും ചർച്ചയായത്. തങ്ങളെ ദലിതർ എന്ന് വിളിക്കരുത് എന്നായിരുന്നു അയ്യാസാമിയുടെ പ്രതികരണം. സാഹിലിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുത്തതിനെയും അദ്ദേഹം ശക്തമായി എതിർത്തിരുന്നു.

ദേവേന്ദ്രകുല വേളാളർ സമൂഹം പട്ടികജാതിയിൽപ്പെട്ടവരാണെങ്കിലും എസ്.സി/എസ്.ടി നിയമപ്രകാരം കേസെടുക്കാതിരിക്കാനുള്ള നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അയ്യാസാമി അവകാശപ്പെട്ടു. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് സാമൂഹിക സംഘർഷങ്ങൾ വർധിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.

സംവരണം വേണ്ടെന്ന് വച്ച് ഒരു സമൂഹം തന്നെ പിന്നാക്കവിഭാഗത്തിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെടുന്നത് അപൂർവായ സംഭവമാണ്. പുതിയ തമിഴകം പാർട്ടി സ്ഥാപകൻ കെ. കൃഷ്ണസ്വാമിയും തമിഴഗ മക്കൾ മുന്നേറ്റ കഴകം നേതാവ് ബി. ജോൺ പാണ്ഡ്യനും മുമ്പ് ദേവേന്ദ്രകുല വേളാളരെ പട്ടികജാതി വിഭാഗത്തിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. 2015ൽ ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷായും സമൂഹത്തിന്റെ ഈ ശ്രമങ്ങളെ പ്രശംസിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

2021 മാർച്ചിലാണ് പാർലമെന്റ് ബിൽ പാസാക്കി പള്ളർ ഉൾപ്പെടെ ഏഴ് ഉപജാതികളെ ഒന്നിപ്പിച്ച് ദേവേന്ദ്രകുല വേളാളർ എന്ന പേരിൽ ഒരു വിഭാഗത്തിന് രൂപം നൽകിയത്. എന്നാൽ പള്ളർ എന്ന പേര് സമൂഹത്തിലെ വലിയൊരു വിഭാഗം എതിർത്തിരുന്നു. ദേവേന്ദ്രകുലം എന്നത് സമൂഹത്തിന്റെ വംശപരമ്പരയെയും വേളാളർ എന്നത് കൃഷിയുമായുള്ള ബന്ധത്തെയും സൂചിപ്പിക്കുന്നതാണെന്നാണ് ചരിത്രകാരനായ കെ.എ. മണികുമാർ വിശദീകരിക്കുന്നത്.

കർഷക സമൂഹമായ ദേവേന്ദ്രകുല വേളാളർ തമിഴ്നാട്ടിലെ തെക്ക്, മധ്യ മേഖലകളിലാണ് പ്രധാനമായുമുള്ളത്. രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ തുടങ്ങിയ ജില്ലകൾ അതിൽ ഉൾപ്പെടുന്നു. തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, തിരുവാരൂർ, തഞ്ചാവൂർ, തേനി, മധുര, ശിവഗംഗ, കരൂർ തുടങ്ങിയ ജില്ലകളിലും ദേവേന്ദ്ര കുലവേളാളരുടെ സാന്നിധ്യമുണ്ട്.

ചരിത്രത്തിൽ ഭൂവുടമകളായിരുന്ന സമൂഹത്തിലെ പലരും പിന്നീട് കർഷകരായി മാറുകയും സാമൂഹികമായി വേർതിരിക്കപ്പെട്ട പ്രദേശങ്ങളിൽ ജീവിക്കേണ്ടിവരികയും ചെയ്തതായി ചരിത്രപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ജാതി-വർഗ സംഘർഷങ്ങളും സമൂഹത്തിന്റെ രാഷ്ട്രീയ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. 1957ലെ മുതുകുളത്തൂർ കലാപം, 2011ലെ പരമക്കുടി പൊലീസ് നടപടി തുടങ്ങിയ സംഭവങ്ങൾ സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചുവെന്ന് അനന്തൻ അയ്യാസാമി പറയുന്നു.

തങ്ങൾ സാമ്പത്തികമായിഭദ്രത കൈവരിച്ചതിനാലല്ല പട്ടികജാതിയിൽ നിന്നും പുറത്ത് കടക്കണമെന്ന് ആഗ്രഹിക്കുന്നതെന്നും ആത്മാഭിമാനവുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നും അയ്യാസാമി പറഞ്ഞു. സമൂഹത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും ദാരിദ്ര്യത്തിലാണ്. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിലും പിന്നാക്കവിഭാഗം എന്ന സാമൂഹിക മുദ്ര തങ്ങളുടെ മുന്നേറ്റത്തിന് തടസമാകുന്നുവെന്നാണ് നേതാക്കളുടെ വാദം. പുതിയ തമിഴകം പാർട്ടി സ്ഥാപകൻ കെ. കൃഷ്ണസ്വാമി വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. 1996 മുതൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് എസ്.സി വിഭാഗത്തിൽനിന്ന് ഒ.ബി.സി വിഭാഗത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകളായി സംവരണം ഉണ്ടായിട്ടും വിഭാഗത്തിന്‍റെ മൊത്തത്തിലുള്ള അവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് കൃഷ്ണസ്വാമിയുടെ വാദം. സംവരണത്തിലൂടെ സർക്കാർ ജോലികൾ ലഭിക്കുന്നുണ്ടെങ്കിലും വ്യവസായ മേഖലയിൽ ജാതിയുടെ സ്വാധീനം തുടരുകയാണെന്നും അയ്യാസാമി ആരോപിക്കുന്നു. മധുരയിലെ ചില ഭക്ഷണശാലകളിൽ ഉടമയുടെ ജാതി തിരിച്ചറിഞ്ഞാൽ ആളുകൾ അവിടെനിന്ന് അകന്നുനിൽക്കുന്ന സാഹചര്യമുണ്ടെന്നും സർക്കാർ കരാറുകളിലും മറ്റും ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട സമൂഹങ്ങൾക്കാണ് കൂടുതൽ ആധിപത്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തമിഴ്നാട്ടിൽ വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും 69 ശതമാനം സംവരണമുണ്ടെന്നും സംവരണം മാത്രം പ്രത്യേക നേട്ടമായി കാണാനാകില്ലെന്നും അയ്യാസാമി പറഞ്ഞു. 2017ൽ ദേവേന്ദ്രകുല വേളാളരെ എസ്.സി വിഭാഗത്തിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും തമിഴ്നാട് മുഖ്യമന്ത്രിക്കും നേതാക്കൾ നിവേദനം നൽകിയിരുന്നു. ഇതു പരിശോധിക്കാൻ പിന്നീട് ഒരു സമിതിയും രൂപവത്കരിക്കരിക്കുകയും ചെയ്തു.

ആവശ്യം മുഴുവൻ സമൂഹത്തിന്‍റേതോ‍?

എസ്.സി വിഭാഗത്തിൽനിന്ന് പുറത്തുപോകണമെന്ന ആവശ്യം സമൂഹത്തിലെ രാഷ്ട്രീയ നിലപാടുകൾക്കതീതമായി ഭൂരിഭാഗം അംഗങ്ങളുടെയും ആവശ്യമാണെന്നാണ് കൃഷ്ണസ്വാമി അവകാശപ്പെടുന്നത്. ഈ ആവശ്യം താഴെത്തട്ടിൽനിന്ന് ഉയർന്നുവന്നതാണെന്നും അതുകൊണ്ടാണ് രാഷ്ട്രീയ നേതാക്കൾ അതിനെ പിന്തുണച്ചതെന്നും അയ്യാസാമിയും കൂട്ടിച്ചേർത്തു.

എന്നാൽ സമൂഹത്തിലെ എല്ലാവരും ഈ ആവശ്യത്തെ പിന്തുണക്കുന്നില്ലെന്നാണ് സാമൂഹിക-രാഷ്ട്രീയ നിരീക്ഷകൻ രവീന്ദ്രൻ ദുരൈസാമി പറയുന്നത്. സമൂഹത്തിലെ ഒരു ചെറിയ വിഭാഗം എസ്.സി പട്ടികയിൽനിന്ന് പുറത്തുപോകുന്നതിനെ എതിർക്കുന്നുണ്ട്. ഇവരിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരാണ് കൂടുതലെന്നും സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാലാണ് അവർ ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2023ൽ ക്രിസ്തുമതം സ്വീകരിച്ച എസ്.സി വിഭാഗക്കാർക്കും എസ്.സി സംവരണ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. അന്ന് മുഖ്യമന്ത്രി ഇന്നത്തെ പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനാ‍യിരുന്നു. മതപരിവർത്തനത്തിന്റെ പേരിൽ വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു സ്റ്റാലിന്റെ നിലപാട്.

സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ സമൂഹങ്ങൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും സ്വാഭിമാനത്തിന്റെയും സാമൂഹിക ഉയർച്ചയുടെയും പേരിൽ എസ്.സി പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ഒരു സമൂഹം ആവശ്യപ്പെടുന്നത് അപൂർവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu Community Rejects SC Status
Next Story