‘മുംബൈ നഗരം സുരക്ഷിതമല്ലെന്ന് മുദ്രകുത്തരുത്': സെയ്ഫ് അലി ഖാന് കത്തിക്കുത്തേറ്റ സംഭവത്തിൽ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsസെയ്ഫ് അലി ഖാൻ, ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: നടൻ സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണം ഗൗരവമുള്ളതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. എന്നാൽ മുംബൈ നഗരം സുരക്ഷിതമല്ലെന്ന് മുദ്രകുത്തുന്നതിനെയും അദ്ദേഹം എതിർത്തു. 'രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈ. സംഭവം ഗുരുതരമാണ്, പക്ഷേ നഗരത്തെ സുരക്ഷിതമല്ലെന്ന് മുദ്രകുത്തുന്നത് തെറ്റാണ്' മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ ബാന്ദ്രയിലെ വീട്ടിലുണ്ടായ അക്രമണത്തിലാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. അപകട നില തരണം ചെയ്ത നടൻ ഇപ്പോൾ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ഗൗരവമായി കാണുന്നുവെന്നും മുംബൈ സുരക്ഷിതമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
മുംബൈയിലെ ബാന്ദ്രയിൽ സെയ്ഫ് അലി ഖാനെ വീടിനുള്ളിൽ കയറി ആക്രമിച്ച പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും മുംബൈ പൊലീസ് അറിയിച്ചു. സത്ഗുരു ശരൺ ബിൽഡിംഗിലെ നടന്റെ 12ാം നിലയിലെ ഫ്‌ളാറ്റിലേക്ക് പ്രതി ബലം പ്രയോഗിച്ച് അകത്തുകടന്നതാവില്ലെന്നും രാത്രിയിൽ ഏതോ സമയത്ത് ഒളിച്ചു കയറിയതാവാനാണ് സാധ്യതയെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഖാനെ കുത്തിയ ശേഷം അക്രമി രക്ഷപ്പെടാൻ ഗോവണി ഉപയോഗിച്ചതായി ആറാം നിലയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. പ്രതിയെ തടയാൻ ശ്രമിച്ചതിനിടെ വീട്ടുജോലിക്കാരിക്കും ചെറിയ പരിക്കേറ്റു.
സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ തുളച്ചു കയറിയ കത്തി നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇടതു കൈയിലും കഴുത്തിന് വലതുവശത്തും ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

