`ഇന്ത്യയിൽ 1952 മുതൽ എസ്.ഐ.ആർ നടപടികൾ തുടരുന്നുണ്ട്'; ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsമുംബൈ: രാജ്യത്ത് വോട്ടർപട്ടിക തീവ്രപരിഷ്കരണം ദശാബ്ദങ്ങളായി തുടരുന്ന നടപടിയാണെന്നും നിലവിലെ എസ്.ഐ.ആർ പ്രക്രിയ അതിന്റെ ഏറ്റവും പുതിയ ഘട്ടമാണെന്നും വാദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 1952 മുതൽ വിവിധ ഘട്ടങ്ങളിലായി ഇത് നടന്നുവരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വർഷങ്ങളായി വിവിധ ഘട്ടങ്ങളിൽ വോട്ടർപട്ടികയിൽ സമഗ്രമായ പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിലൂടെ വോട്ടർപട്ടിക കൂടുതൽ കൃത്യവും വിശ്വസനീയവുമാക്കുകയാണ് ലക്ഷ്യമെന്നും തിങ്കളാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഫഡ്നാവിസ് അവകാശപ്പെട്ടു.
1952 മുതൽ 1956 വരെയും തുടർന്ന് 1957, 1961, 1965, 1966 വർഷങ്ങളിലും സമഗ്ര പരിഷ്കരണം നടത്തിയിട്ടുണ്ടത്രെ. 1983-84, 1987-89, 1992, 1993, 1995, 2002, 2003, 2004 തുടങ്ങിയ വർഷങ്ങളിലും എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് എക്സിലെ കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചു. സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർമാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി വീടുതോറും സന്ദർശനം നടത്തും. എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്ത് ശേഖരിക്കുകയും വോട്ടർ വിവരങ്ങൾ പരിശോധിക്കുകയും ചെയ്യും. എന്യൂമറേഷൻ നടപടിയിലൂടെ വോട്ടർപട്ടിക പുതുതായി തയ്യാറാക്കും, ഈ നടപടികൾ വർഷങ്ങളായി തുടരുന്നതാണെന്ന് ഫഡ്നാവിസ് കൂട്ടിച്ചേർത്തു. അതേസമയം, നഗരവൽക്കരണവും കുടിയേറ്റവുമാണ് വോട്ടർപട്ടികയിൽ മാറ്റങ്ങളുണ്ടാക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്.
അർഹരായ പുതിയ വോട്ടർമാരെ ചേർക്കൽ, മരണം, കുടിയേറ്റം തുടങ്ങിയ സംഭവങ്ങൾ തുടർച്ചയായി വോട്ടർപട്ടികയിൽ മാറ്റങ്ങളുണ്ടാക്കുന്നുവത്രെ. അതിനാൽ കൃത്യമായ പരിശോധന കാലാകാലങ്ങളിൽ ആവശ്യമാണെന്നാണ് ഫഡ്നാവിസ് പറയുന്നത്. ഇതോടൊപ്പം യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി ഒരാളെപോലും പട്ടികയിൽ നിന്നും ഒഴിവാക്കാതിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. രാജ്യവ്യാപകമായി നടക്കുന്ന എസ്.ഐ.ആർ നടപടികളെ സംബന്ധിച്ചുള്ള രാഷ്ട്രീയ തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഫഡ്നാവിസിന്റെ പ്രതികരണം. എസ്.ഐ.ആറിനെക്കുറിച്ചും അത് വോട്ടർമാരിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വേണമെന്ന് പ്രതിപക്ഷ പാർട്ടികളും മറ്റ് സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കൃത്യവും പുതുക്കിയതുമായ വോട്ടർപട്ടിക ഉറപ്പാക്കുന്നതിനാണ് പരിഷ്കരണ നടപടിയെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

