`13 പേജിൽ മുഗൾ ചരിത്രം, ഛത്രപതി ശിവജിക്ക് ഒരു ഭാഗം'; മുന്‍ എന്‍സിആർടി ചരിത്രപുസ്തകത്തെ വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsമുംബൈ: ചരിത്രരേഖകളിൽ കാവിവത്കരണം നടത്തുന്ന ബി.ജെ.പി സർക്കാറിന്റെ ഏറ്റവും പുതിയ പരാമർശവുമായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുൻ എൻ.സി.ആർ.ടി ചരിത്രപുസ്തകത്തിന്റെ പേരിൽ മുൻ മഹാരാഷ്ട്ര സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം അഴിച്ചുവിട്ടത്.
കോൺഗ്രസ് ഭരണകാലത്ത് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ മുഗൾ ഭരണാധികാരികളുടെ ചരിത്രത്തിന് 13 പേജും ഛത്രപതി ശിവജിക്ക് ഒരു ഭാഗവും മാത്രമാണ് ഉണ്ടായിരുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്ത് പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ ശിവജി മഹാരാജാവിന്റെ ചരിത്രത്തിന് 17 പേജാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം വെല്ലുവിളിച്ചു.
മഹാരാഷ്ട്രയിൽ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഫഡ്നാവിസ്. ദേശീയ നേതാക്കളെയും ചരിത്രപുരുഷന്മാരെയും സമീപിക്കുന്നതിൽ നിലവിലെ സർക്കാറും മുൻ സർക്കാറും തമ്മിൽ വ്യത്യാസമുണ്ടെന്ന് അവകാശപ്പെട്ടാണ് അദ്ദേഹത്തിന്റെ പരാമർശം.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന വിവാദത്തിലും ഫഡ്നാവിസ് കോൺഗ്രസിനെതിരെയാണ് വിമർശനം ഉന്നയിച്ചത്. രാമക്ഷേത്ര നിർമാണത്തെ കോൺഗ്രസ് എതിർത്തിരുന്നുവെന്നും പിന്നീട് ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ പ്രചാരണം നടത്താൻ ശ്രമിച്ചുവെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ആരോപിക്കുന്നു. രാമക്ഷേത്രത്തിന്റെ പേരിൽ കൊള്ള നടന്നുവെന്ന തരത്തിൽ ആഖ്യാനം സൃഷ്ടിക്കുന്നത് കോൺഗ്രസാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
`യു.പി.എ കാലത്ത് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ മുഗൾ ഭരണാധികാരികൾക്ക് 13 പേജും ശിവജിക്ക് ഒരു ഭാഗവുമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ കാലത്ത് ശിവജിക്ക് 17 പേജ് നൽകി. ആദ്യം അവർ വിവിധ വിഷയങ്ങളിൽ എതിർപ്പ് ഉന്നയിച്ചു. പിന്നീട് രാമക്ഷേത്രത്തെ ലക്ഷ്യമിട്ടു. രാമക്ഷേത്രത്തിൽ കൊള്ള നടന്നുവെന്ന തരത്തിലുള്ള ആഖ്യാനം സൃഷ്ടിക്കാൻ അവർ ശ്രമിച്ചു. അടുത്ത ലക്ഷ്യം കുംഭമേളയാണ്. കുംഭമേളയുടെ ടെൻഡറുകൾ 20 ശതമാനം കുറഞ്ഞ നിരക്കിലാണ് നൽകിയതെന്ന് വന്ന് പരിശോധിക്കാം' എന്ന് ഫഡ്നാവിസ് പറഞ്ഞു.
സ്ത്രീ സംവരണ ബില്ലടക്കം നിരവധി വിഷയങ്ങളിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഫഡ്നാവിസ് അഴിച്ചുവിട്ടത്. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ബിൽ തടയുകയും നടപ്പാക്കാതെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ബേട്ടി ബചാവോ, ബേട്ടി പഠാവോ', 'ലഖ്പതി ദീദി' തുടങ്ങിയ പദ്ധതികൾ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണെന്നും ഫഡ്നാവിസ് കൂട്ടിച്ചേർക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

