റെയിൽവേ വികസന പദ്ധതികൾ വിദേശ കമ്പനികൾക്ക്
text_fieldsന്യൂഡൽഹി: രാജ്യത്തെ റെയിൽവേ വികസന പദ്ധതികൾ വിദേശ കമ്പനികൾക്ക് കൈമാറുന്നു. സ്വകാര്യവത്കരണത്തിന് പുറമെയാണ് വിദേശ കമ്പനികൾക്ക് കേന്ദ്ര സർക്കാർ വാതിൽ തുറന്നുകൊടുക്കുന്നത്. രാജ്യത്തെ 400 എ വൺ, എ പട്ടികയിലുള്ള സ്റ്റേഷനുകളുടെ വികസനത്തിനാണ് വിദേശ കമ്പനികൾക്ക് അവസരം നൽകുന്നത്. 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വഴിതുറക്കുന്ന ഇൗ പദ്ധതിയിൽ വിദേശ കമ്പനികൾക്ക് 45 വർഷത്തെ പാട്ട അവകാശവും ലഭിക്കും.
റെയിൽവേ സ്റ്റേഷന് ചുറ്റും കൈവശമിരിക്കുന്ന സ്ഥലം വ്യാപാര ആവശ്യത്തിന് വികസിപ്പിക്കുകകൂടിയാണ് ലക്ഷ്യം. സ്റ്റേഷൻ പുനർവികസനത്തിനുള്ള താൽപര്യപത്രം റെയിൽവേ മന്ത്രാലയ വെബ്സൈറ്റ് മുഖേന ക്ഷണിച്ചിട്ടുണ്ട്.
100 നഗരങ്ങളിലായാണ് 400 എ വൺ, എ പട്ടികയിലുള്ള സ്റ്റേഷനുകളുള്ളത്. കേരളത്തിൽ തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജങ്ഷൻ, കോഴിക്കോട്, കൊല്ലം ജങ്ഷൻ, കണ്ണൂർ, തൃശൂർ, കോട്ടയം, ആലുവ, തലശ്ശേരി, പാലക്കാട് ജങ്ഷൻ, എറണാകുളം ടൗൺ, തിരൂർ, വടകര, ചെങ്ങന്നൂർ, കായംകുളം ജങ്ഷൻ, പയ്യന്നൂർ, കാഞ്ഞങ്ങാട്, ആലപ്പുഴ, കാസർകോട്, തിരുവല്ല, ഷൊർണൂർ ജങ്ഷൻ എന്നിവ ആദ്യഘട്ട വികസനത്തിൽ ഉൾപ്പെടും. അംബാല, ലുധിയാന സ്റ്റേഷനുകളുടെ നവീകരണം സംബന്ധിച്ച് ഫ്രഞ്ച് റെയിൽവേയായ എസ്.എൻ.സി.എഫുമായി സംയുക്ത പഠനത്തിന് കരാർ ഇന്ത്യൻ റെയിൽവേ ഒപ്പുവെച്ചു. ന്യൂഡൽഹി സ്റ്റേഷെൻറ പുനർവികസനത്തിൽ കൊറിയൻ റെയിൽവേ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബെൽജിയം, ജർമനി, യു.കെ എന്നിവക്കു പുറമെ ചൈനയും പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശ കമ്പനികൾക്കൊപ്പം സ്വദേശി സ്വകാര്യ കമ്പനികൾക്കും പദ്ധതിയിൽ പങ്കാളികളാകാമെന്നും റെയിൽവേയുടെ കൈയിലുള്ള സ്റ്റേഷനുകളോട് ചേർന്ന സ്ഥലം വ്യാപാരകേന്ദ്രമായി വികസിപ്പിച്ച് അതിൽനിന്ന് വികസനത്തിന് ആവശ്യമായ ചെലവ് കണ്ടെത്തുമെന്നും സഹമന്ത്രി രാജൻ ഗോഹൈൻ കഴിഞ്ഞ ദിവസം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
