‘ഓരോ ജില്ലയിലും തടങ്കൽ കേന്ദ്രങ്ങൾ, നടപടിക്ക് മജിസ്ട്രേറ്റുമാർ’ ഉത്തർപ്രദേശിൽ അനധികൃത താമസക്കാർക്കെതിരെ നടപടിയുമായി യോഗി
text_fieldsയോഗി ആദിത്യനാഥ്
ന്യൂഡൽഹി: പ്രത്യേക വോട്ടർ പട്ടിക പരിഷ്‍കരണ (എസ്.ഐ.ആർ) നടപടികൾ തുടരുന്നതിനിടെ, ഉത്തർപ്രദേശിൽ അനധികൃത താമസക്കാർക്കെതിരെ നടപടിയുമായി സർക്കാർ. എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.
ജില്ല മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ അതത് ജില്ലകളിൽ പരിശോധന നടത്തി അധനികൃത കുടിയേറ്റക്കാർ, നിയമം ലംഘിച്ച് തുടരുന്ന ഇതര രാജ്യങ്ങളിലെ പൗരൻമാർ എന്നിവരെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാനാണ് നിർദേശം. മതിയായ പരിശോധനകൾ പൂർത്തിയാവുന്നതുവരെ ഇത്തരത്തിൽ കണ്ടെത്തുന്നവരെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും. തുടർന്ന്, നടപടികൾ പൂർത്തിയാക്കി ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും.
നേപ്പാളുമായി തുറന്ന അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇരുരാജ്യങ്ങളുടെയും പൗരൻമാർക്ക് അത്യാവശ്യ പരിശോധനകൾക്ക് മാത്രം വിധേയരായി അതിർത്തി കടക്കാനാവും. അതേസമയം, സാമൂഹിക ഐക്യവും ദേശീയ സുരക്ഷയും നിയമപാലനവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് യോഗി ആദിത്യനാഥ് ജില്ല മജിസ്ട്രേറ്റുമാർക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കി.
ഈ വർഷം ആദ്യം, സമാനമായ രീതിയിൽ, വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് സംസ്ഥാനത്ത് താമസിക്കുന്നവരെ കണ്ടെത്താൻ ഉത്തർപ്രദേശ് സർക്കാർ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്ന്, ഇതിനായി പൊലീസ് പ്രത്യേക കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധത്തിനിടെ രാജ്യത്ത് ഉത്തർപ്രദേശ് ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനിടെ യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം.
ബീഹാറിൽ എസ്.ഐ.ആർ പൂർത്തിയാക്കിയതിന് പിന്നാലെ, രണ്ടാംഘട്ടമായി ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 51 കോടി വോട്ടർമാരുൾപ്പെടുന്ന പട്ടികയിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ നാലുവരെയാണ് ഈ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ തുടരുക. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

