ഉത്തരവുണ്ടായിട്ടും കർണാടക കാവേരി ജലം നൽകുന്നില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ
text_fieldsകാവേരി
ഡൽഹി: കാവേരി നദീ ജലം വിട്ടുനൽകാത്തതിൽ കർണാടകക്കെതിരെ സുപ്രീംകോടതിയിൽ അടിയന്തരമായി വിഷയം ഉന്നയിച്ച് തമിഴ്നാട് സർക്കാർ. ഒക്ടോബർ 23 മുതൽ കർണാടക ജലം വിട്ടുനൽകുന്നില്ലെന്നാണ് തമിഴ്നാടിന്റെ ആരോപണം. പ്രതിദിനം 3,000 ക്യുസെക്സ് ജലം വിട്ടുനൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായിട്ടും ജലം ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാരിന്റെ അഭിഭാഷകൻ ബി. കരുണാകരൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
ജലം ലഭിച്ചില്ലെങ്കിൽ കൃഷിക്കായി നീക്കിവെച്ച നാല് ലക്ഷം ഹെക്ടർ ഭൂമിയിലെ കൃഷി പൂർണമായും നശിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മഴക്കുറവും അണക്കെട്ടുകളിലെ നീരൊഴുക്ക് കുറഞ്ഞതും ചൂണ്ടിക്കാട്ടിയാണ് കർണാടക ജലം വിട്ടുനൽകുന്നതിനെ എതിർത്തത്.
കർണാടകയിലൂടെ ഒഴുകി തമിഴ്നാട്ടിലെത്തുന്ന ദക്ഷിണേന്ത്യയിലെ പ്രധാന നദികളിലൊന്നാണ് കാവേരി. ഇരു സംസ്ഥാനങ്ങളും കാവേരി നദീജലത്തെ ആശ്രയിച്ചാണ് കൃഷിയും കുടിവെള്ള ആവശ്യങ്ങളും നിറവേറ്റുന്നത്. നദിയിലെ ജലവിഹിതത്തെച്ചൊല്ലി തമിഴ്നാടും കർണാടകയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്.

