Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎന്തേ പെട്രോൾ ഡീസൽ...

എന്തേ പെട്രോൾ ഡീസൽ വില കുറക്കാത്തത്? ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ അനക്കമില്ല

text_fields
bookmark_border
എന്തേ പെട്രോൾ ഡീസൽ വില കുറക്കാത്തത്? ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ അനക്കമില്ല
cancel

കോഴിക്കോട്: ഇറാൻ-യു.എസ് സമാധാന കരാറിന്റെ ചുവടുപിടിച്ച് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറയുമ്പോഴും അതിന്റെ ഗുണം ലഭിക്കാതെ ഇന്ത്യൻ ഉപഭോക്താക്കൾ. മെയ് 15 മുതൽ കുത്തനെ ഉയർന്ന പെട്രോൾ ഡീസൽ വില കുറക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും സർക്കാർ രൂപീകരണവും നടന്നതിനു പിന്നാലെ മേയ് 15നാണ് ഇന്ത്യയിൽ പെട്രോൾ ഡീസൽ വില വർധിപ്പിച്ചത്. മെയ് 15ന് മൂന്ന് രൂപ വർധിച്ച് പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.74 രൂപയും ഡീസലിന് 87.67 രൂപയിൽ നിന്ന് 90.67 രൂപയുമായി ഉയർന്നു. ഇത് സമയത്ത് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 101.29 ഡോളറായിരുന്നു.

എന്നാൽ പിന്നീട് ഇറാൻ-യു.എസ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആഗോള വിപണിയിൽ എണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് ഇത് 72.68 യു.എസ് ഡോളറായി കുറഞ്ഞു. മാർച്ച് ആദ്യം മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ആഗോളവിപണിയിൽ എണ്ണ വില. എങ്കിലും രാജ്യത്ത് എണ്ണക്കമ്പനികൾ വില കുറച്ചിട്ടില്ല. മെയ് 19ന് 90 പൈസ ഉയർന്ന് പെട്രോളിന് 98.64 രൂപയും ഡീസലിന് 91.58 രൂപയുമായി. മെയ് 23 മൂന്നാമത്തെ വർധന രേഖപ്പെടുത്തി. പെട്രോളിന് 87 പൈസ ഉയർന്ന് 99.51 രൂപയും ഡീസലിന് 91 പൈസ വർധിച്ച് 92.49 രൂപയുമായി. മെയ് 25ന് നാലാമത്തെ വർധന എത്തി. പെട്രോളിന് 2.61 രൂപ ഉയർന്ന് 102.12 ഉം ഡീസലിന് 2.17 രൂപ വർധിച്ച് 95.20 രൂപയുമായി. കേരളത്തിൽ കൊച്ചിയിൽ നിലവിൽ 113.66 രൂപയും ഡീസലിന് 102.69 രൂപയുമാണ് വില. പെട്രോൾ ഡീസൽ വില വർധനക്കു പിന്നാലെ അവശ്യ വസ്തുക്കളുടെ വിലയും കുത്തനെ വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ ജീവിത ഭാരം വർധിപ്പിക്കാനിടയാക്കി. ഹുർമുസ് അടച്ചതിന്‍റെ പേരിൽ പാചക വാതക, സി.എൻ.ജി വിലയും വൻതോതിൽ വർധിച്ചിരുന്നു. ഇതിലും പിന്നീട് കുറവ് വരുത്തിയിട്ടില്ല. പാചക വാതക വില ഉയർന്നതോടെ ഭക്ഷണ സാധനങ്ങളുടെയും വില കുത്തനെ ഉയർന്നിരിക്കുകയാണ്. കേരളത്തിൽ വിലവർധനവിൽ പിടിച്ചുനിൽക്കാൻ കഴിയാതെ നൂറുകണക്കിന് ചെറുകിട ഹോട്ടലുകൾക്കും ചായക്കടകൾക്കും ഇതിനകം പൂട്ടുവീണുകഴിഞ്ഞു.

ഹുർമുസ് കടലിടുക്കിലൂടെ കൂടുതൽ എണ്ണ കപ്പലുകൾ കടന്നുപോവാൻ തുടങ്ങിയതോടെയാണ് വിലയിൽ വൻ ഇടിവുകൾ രേഖപ്പെടുത്തിത്തുടങ്ങിയത്. 1.1 ശതമാനം ഇടിവാണ് ഇന്ന് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. ഹുർമുസിലൂടെയുള്ള ഗതാഗതം പൂർവസ്ഥിതിയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷകളും എണ്ണവിലയിടിവിന് ആക്കം കൂട്ടുന്നുണ്ട്. അതേസമയം, ഇറാനിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇറാൻ എണ്ണക്കുള്ള ഉപരോധം 60 ദിവസത്തേക്ക് പിൻവലിച്ച ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതൽ എണ്ണവാങ്ങാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്. ഉപരോധങ്ങൾ മൂലം ഇറാൻ എണ്ണയുടെ ഭൂരിപക്ഷവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്.

നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഇറാൻ എണ്ണ ഇന്ത്യൻ കമ്പനികളും വാങ്ങുമെന്നാണ് സൂചന. ഇറാൻ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം അമേരിക്ക താൽക്കാലികമായി പിൻവലിച്ചതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഇറാൻ എണ്ണ വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricePrice risecrud oilMarket news
News Summary - Despite sharp drop in crude oil prices, India remains unmoved
Next Story