ജാമ്യം കിട്ടിയിട്ടും വീട്ടിൽ പോകാൻ പേടി; യു.പിയിൽ എട്ട് മുസ്‍ലിം യുവാക്കൾ നാടുവിട്ടു, ഇഫ്താർ വിരുന്നിന്റെ പേരിൽ വേട്ടയാടുന്നതായി പരാതി
text_fieldsശ്രാവസ്തി (യു.പി): ജാമ്യം ലഭിച്ചിട്ടും പൊലീസിനെ ഭയന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ എട്ട് മുസ്‍ലിം യുവാക്കൾ. ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ ഇഫ്താർ വിരുന്നിന്റെ പേരിൽ അറസ്റ്റിലായ യുവാക്കളാണ് തുടർനടപടികൾ ഭയന്ന് നാടുവിട്ടത്. വനമേഖലയിലെ ആശ്രമത്തിന് സമീപം നോമ്പുതുറന്ന നടത്തി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് ഇവർക്ക് തിരിച്ചടിയായത്.
ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള സോഹെൽവ വന്യജീവി സങ്കേതത്തിനുള്ളിലെ സിദ്ധിനാഥ് ആശ്രമ പരിസരത്ത് മാർച്ച് 17നാണ് സംഭവം നടന്നത്. വിവിധ മതസ്ഥർ എത്തുന്ന ഇവിടെ ഇഫ്താർ വിരുന്ന് നടത്തിയതിനെതിരെ ആശ്രമം അധികൃതർ പരാതി നൽകുകയായിരുന്നു. നോമ്പുതുറന്ന ശേഷം ഭക്ഷണാവശിഷ്ടങ്ങൾ ആശ്രമത്തിലെ ജലാശയത്തിൽ തള്ളിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം. എന്നാൽ, തങ്ങൾ ഒന്നും അവിടെ ഉപേക്ഷിച്ചിട്ടില്ലെന്നും സമാധാനപരമായാണ് നോമ്പുതുറന്നതെന്നും യുവാക്കളുടെ കുടുംബം പറയുന്നു.
പ്രാദേശിക വ്യാപാരി വ്യവസായി സമിതി പ്രസിഡന്റായ 57 കാരനായ ജമാലും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പൊലീസ് വീട് തകർത്ത് അതിക്രമിച്ചു കയറിയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവസ്ഥലത്ത് ഇല്ലാതിരുന്നവരെപ്പോലും കേസിൽ കുടുക്കിയതായും പരാതിയുണ്ട്. ജാമ്യം കിട്ടിയിട്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭീതിയിലാണ് ഇവരെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വാരണാസിയിൽ ഗംഗാനദിയിലെ ബോട്ടിലിരുന്ന് ബിരിയാണി കഴിച്ച് ഇഫ്താർ ആഘോഷിച്ചതിന് 14 മുസ്‍ലിം യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശ്രാവസ്തിയിലും സമാനമായ നടപടിയുണ്ടായിരിക്കുന്നത്. വാരണാസിയിലെ യുവാക്കൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

