ആൾദൈവ അനുയായികളുടെ അഴിഞ്ഞാട്ടം: മരണം 36 ആയി; 534 പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ബലാത്സംഗ കേസിൽ ആൾദൈവം ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച സി.ബി.െഎ കോടതി വിധിച്ചതിനെ തുടർന്നുണ്ടായ അനുയായികളുടെ അഴിഞ്ഞാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. അക്രമങ്ങളിലേർെപ്പട്ട 524 പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലും രാജസ്ഥാനിലുമായി പത്തുപേരെയും പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച ഹരിയാന പൊലീസ് നടത്തിയ റെയ്ഡിൽ അക്രമികളുടെ വാഹനങ്ങളിൽനിന്ന് എ.കെ 47, രണ്ട് റൈഫിൾ, അഞ്ച് പിസ്റ്റളുകൾ തുടങ്ങിയവ പിടിച്ചെടുത്തു. രാജ്യദ്രോഹക്കുറ്റമടക്കം എട്ട് എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തു.
സുരക്ഷ ഭീഷണിയെത്തുടർന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന തിങ്കളാഴ്ച ഗുർമീതിനെ സി.ബി.െഎ പഞ്ച്കുള കോടതിയിൽ ഹാജരാക്കില്ലെന്നും ഹരിയാന ഡി.ജി.പി ബി.എ. സന്ധു പറഞ്ഞു. ഹരിയാനയിൽ മിക്ക ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. ഡൽഹിയിലും പഞ്ചാബിലും സ്ഥിതി പരിധിവരെ നിയന്ത്രണ വിധേയമാണ്. സി.ബി.െഎ കോടതി സ്ഥിതിചെയ്യുന്ന പഞ്ച്കുളയും ദേര സച്ചാ സൗദയുടെ ആസ്ഥാനമായ സിർസയും പൂർണമായും സൈന്യത്തിെൻറ നിയന്ത്രണത്തിലാണ്. ശനിയാഴ്ചയും നൂറിലധികം ട്രെയിൻ സർവിസുകൾ റെയിൽവേ റദ്ദ് ചെയ്തു. ഡൽഹി- ലാഹോർ ബസ് സർവിസും നിർത്തിവെച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള അന്തർ സംസ്ഥാന ബസ് സർവിസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
അക്രമങ്ങളിൽ നശിപ്പിച്ച സ്വത്തുക്കളുടെ കണക്ക് എടുത്ത് ഗുർമീതിെൻറ സ്വത്ത് കണ്ടെത്തി നഷ്ട പരിഹാരം ഇൗടാക്കാൻ ഹരിയാന^ പഞ്ചാബ് ഹൈകോടതി ഉത്തരവിട്ടു. 15കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് സി.ബി.െഎ കോടതി വിധിച്ചത്. ഇതേത്തുടർന്ന് ഗുർമീതിെൻറ ആയിരക്കണക്കിന് അനുയായികൾ അേഞ്ചാളം സംസ്ഥാനങ്ങളിൽ അക്രമം അഴിച്ചുവിട്ടു. കോടതിവിധി വരുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ സി.ബി.െഎ കോടതി സ്ഥിതിചെയ്യുന്ന പ്രദേശത്ത് തമ്പടിച്ചവരാണ് അക്രമം തുടങ്ങിയത്. കോടതി വിധി മുൻനിർത്തി 15,000 അർധസൈനികരെ ഹരിയാനയിൽ സർക്കാർ വിന്യസിച്ചിരുന്നു. എന്നാൽ, കോടതിക്ക് സമീപം തമ്പടിച്ചവരെ നീക്കംചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കാൻ തയാറായിരുന്നില്ല. വിധി വന്നതിനു പിന്നാെല കോടതിക്ക് സമീപമുണ്ടായിരുന്ന ടി.വി ചാനലുകളുടെ ഒ.ബി വാനുകൾ അക്രമികൾ കത്തിച്ചു. ട്രെയിനും സർക്കാർ കെട്ടിടങ്ങളും അഗ്നിക്കിരയാക്കി.
സൈന്യം ഫ്ലാഗ് മാർച്ച് നടത്തി; ആശ്രമ കേന്ദ്രങ്ങളിൽ പരിശോധന
ന്യൂഡൽഹി: ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെന കുറ്റക്കാരനായി വിധിച്ചതിനെ തുടർന്ന് അനുയായികൾ അഴിഞ്ഞാടിയ സിർസയിൽ ക്രമസമാധാനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. ഹൈകോടതി അടക്കം ഹരിയാന സർക്കാറിനെതിരെ കടുത്ത സ്വരത്തിൽ വിമർശിച്ചതിനെ തുടർന്ന് സർക്കാർ അക്രമങ്ങളുടെ പ്രഭവകേന്ദ്രമായ ദേര സച്ചാ സൗദ ആശ്രമങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു.
സിർസയിൽ രണ്ട് കമ്പനി സൈന്യത്തെയും 10 കമ്പനി അർധസൈനികരെയുമാണ് വിന്യസിച്ചത്. അക്രമങ്ങൾ ഏറ്റവും കൂടുതൽ നടന്ന പഞ്ചകുളയിലാണ് സേന ഫ്ലാഗ് മാർച്ച് നടത്തിയത്. ഹരിയാനയുടെയും പഞ്ചാബിെൻറയും മിക്ക സ്ഥലങ്ങളിലും ശനിയാഴ്ചയും കർഫ്യൂ നിലനിന്നു. അതേസമയം, ദേര സച്ചാ സൗദ ആസ്ഥാനത്ത് പ്രവേശിക്കില്ലെന്ന് സൈന്യം ശനിയാഴ്ച വ്യക്തമാക്കി. ആശ്രമത്തിെൻറ അകത്തേക്ക് കടക്കാൻ സൈന്യത്തിന് ഉത്തരവ് നൽകിയിട്ടില്ലെന്ന് സിർസ സബ്ഡിവിഷനൽ മജിസ്ട്രേറ്റ് പരംജിത് സിങ് ചാഹൽ അറിയിച്ചു. ക്രമസമാധാന നില സാധാരണ നിലയിലേക്ക് എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് 33ാം കവചിത ഡിവിഷൻ കമാൻഡിങ് ഒാഫിസർ രാജ്പാൽ പുനിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ദേര സച്ചാ ആശ്രമത്തിെൻറ പ്രവേശന കവാടത്തിൽ ബാരിേക്കഡുകൾ സൈന്യം വെച്ചു. എന്നാൽ, ഇപ്പോഴും ലക്ഷത്തോളം പേർ തങ്ങുന്ന ആശ്രമത്തിൽനിന്ന് സ്വമേധയാ അനുയായികളോട് ഒഴിഞ്ഞുപോകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതുവരെ 20,000 അനുയായികൾ ആശ്രമം വിട്ടുപോയി. അതേസമയം, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആശ്രമ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ സുരക്ഷസേന അക്രമത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. സിർസയിലെ ആസ്ഥാനത്തും പഞ്ചകുളയിലെ കേന്ദ്രങ്ങളിലും അടക്കമാണ് പരിശോധന നടത്തിയത്. കുരുക്ഷേത്രയിൽ ഒമ്പത് കേന്ദ്രങ്ങൾ സേന സീൽ ചെയ്തു. ഇവിടങ്ങളിൽ 2500ലധികം ലാത്തികളും മൂർച്ചയുള്ള ആയുധങ്ങളും മണ്ണെണ്ണയും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
