യു.എസിലെ ഇന്ത്യക്കാരെ നാടുകടത്തൽ: സി-17 സൈനിക വിമാനത്തിന്റെ യാത്ര ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകൾക്ക് പിടിതരാതെ
text_fieldsമെക്സിക്കൻ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു (ഫയൽ ചിത്രം)
ന്യൂഡൽഹി: 205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിലെ ടെക്സസിൽനിന്നുള്ള ആദ്യ യു.എസ് വ്യോമസേന വിമാനത്തിന്റെ യാത്ര സഞ്ചാരം ഫ്ലൈറ്റ് ട്രാക്കിങ് വെബ് സൈറ്റുകൾക്ക് പോലും പിടിതരാതെ. 205 ഇന്ത്യക്കാരെയും വഹിച്ച് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30ഓടെ സാൻ അന്റോണിയോയിൽനിന്ന് പുറപ്പെട്ട സി-17 യു.എസ് വ്യോമസേന വിമാനം ജർമനിയിലെ റാംസ്റ്റീനിൽ ഇറങ്ങി ഇന്ധനം നിറച്ചശേഷമാണ് യാത്ര തുടർന്നത്. 13000 കിലോമീറ്റർ താണ്ടാൻ 20 മണിക്കൂറിലേറെ വേണ്ടിവരും.
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരായ 18,000 പേരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ തുടക്കമാണിത്. ഇന്ത്യൻ എംബസി വഴി പൗരത്വം ഉറപ്പുവരുത്തിയശേഷമാണ് 205 പേരുമായി ‘സി -7’വ്യോമസേന വിമാനം ഇന്ത്യയിലേക്ക് പറന്നത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ ആറിന് പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയോടെ അമൃത്സറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ.
1100 ഇന്ത്യക്കാരെ കഴിഞ്ഞവർഷം അമേരിക്ക തിരിച്ചയച്ചിരുന്നുവെങ്കിലും ചരിത്രത്തിലാദ്യമായാണ് സൈനിക വിമാനത്തിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽനിന്ന് പുറന്തള്ളാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.
എൽപാസോ, ടെക്സസ്, സാൻഡിയാഗോ എന്നിവിടങ്ങളിൽനിന്ന് പിടികൂടിയ 5,000 അനധികൃത കുടിയേറ്റക്കാരെയാണ് സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത്. അനധികൃത കുടിയേറ്റം പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് ന്യൂഡൽഹിയിലെ യു.എസ് എംബസി വക്താവ് പറഞ്ഞു.
കൊണ്ടിറക്കുന്നതാരെ?
- രേഖകളില്ലാത്ത, അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യൻ പൗരന്മാർ.
- ട്രംപ് ഭരണകൂടത്തിന്റെ കർശന നടപടികളുടെ ഭാഗമായി ഇതുവരെ 18000 ഇന്ത്യക്കാരെ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 17,940 പേർക്ക് തിരിച്ചയക്കൽ രേഖകൾ ലഭിച്ചു.
- 2467 പേർ നിലവിൽ ഡിറ്റൻഷൻ കേന്ദ്രങ്ങളിലാണ്.
- യു.എസിൽ 7,25000 അനധികൃത ഇന്ത്യക്കാരുണ്ടെന്നാണ് കരുതപ്പെടുന്നത്. മെക്സികോ, എൽസാവഡോർ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇന്ത്യയേക്കാൾ മുന്നിൽ.
- വരും നാളുകളിൽ കൂടുതൽ പേരെ തിരിച്ചയച്ചേക്കും.
കൈയിലും കാലിലും ചങ്ങലയിട്ട ഗ്വാട്ടമാല കുടിയേറ്റക്കാർ(ഫയൽ ചിത്രം)
കഠിനയാത്ര
യു.എസ് സൈനിക വിമാനങ്ങളിലായി ഗ്വാട്ടമാലയിലും പെറുവിലും ഹോണ്ടുറാസിലും എത്തിച്ച അനധികൃത കുടിയേറ്റക്കാരെ മുനഷ്യത്വഹീനമായാണ് പരിഗണിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ആളുകളെ വിലങ്ങണിയിച്ചായിരുന്നു ഇരുത്തിയത്.
യാത്രാവിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സൈനിക വിമാനങ്ങളിലെ താപനില കഠിനമായിരിക്കും. ശൗചാലയം പോലുള്ളവയും കുറവാകും. അതിശക്തമായ ശബ്ദമടക്കം സൈനിക വിമാനങ്ങളുടെ പരുക്കൻ സാഹചര്യം അതിജീവിച്ചുവേണം യാത്ര.
തിരിച്ചയക്കൽ ഇന്ത്യയുടെ അറിവോടെ; മോദിയുടെ സന്ദർശനത്തിന് മുമ്പ്
ഇന്ത്യയുമായി കൂടിയാലോചന നടത്തിയാണ് 205 അനധികൃത കുടിയേറ്റക്കാരുമായി വ്യോമസേനയുടെ ആദ്യ വിമാനം യു.എസ് ഇന്ത്യയിലേക്ക് അയച്ചത്. ഡോണൾഡ് ട്രംപ് രണ്ടാമതും പ്രസിഡന്റ് പദത്തിലെത്തിയ ശേഷമുള്ള ആദ്യ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരാഴ്ച കഴിഞ്ഞ് യു.എസിലേക്ക് പോകാനിരിക്കേയാണിത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള ട്രംപിന്റെ നീക്കത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. വാഷിങ്ടണിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര വിദേശ മന്ത്രി എസ്. ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ കാര്യം ചർച്ച ചെയ്തപ്പോൾ ‘ശരിയായത്’ ചെയ്യുമെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകിയിരുന്നെന്ന് ട്രംപും വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിലെന്നല്ല, ലോകത്തിന്റെ ഏത് ഭാഗത്തും മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുമെന്നാണ് വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞത്. എന്നാൽ, രേഖകൾ പരിശോധിച്ച് ഇന്ത്യക്കാരാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ തിരികെ കൊണ്ടുവരൂവെന്നും അദ്ദേഹം വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.