ന്യൂഡൽഹി: സർവിസിലിരിക്കെ മരിക്കുന്നയാളുടെ ആശ്രിത നിയമന അപേക്ഷകളിൽ ആറു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. തീരാനഷ്ടത്തിന് സാന്ത്വനമെന്ന നിലയിലാണ് കുടുംബത്തിലെ മറ്റൊരാൾക്ക് ജോലി നൽകുന്നത്. സാമ്പത്തികമായ കഷ്ടപ്പാടുകൾക്ക് ആശ്വാസമാകുന്ന ഈ സഹായം ഏറ്റവും നേരത്തേ ലഭ്യമാക്കേണ്ടതുണ്ട്.
അത്തരം അപേക്ഷകളിൽ നിലവിലെ നയങ്ങൾക്ക് അനുസൃതമായ തീരുമാനം ആറു മാസത്തിനപ്പുറം നീണ്ടുപോകരുത്. തീരുമാനം ന്യായയുക്തമാവുകയും വേണം. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷ തള്ളരുതെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. ആശ്രിത നിയമന കാലതാമസവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി.