
ജന്മദിനം ആഘോഷിക്കാൻ പണം നൽകിയില്ല; കൗമാരക്കാരൻ ഗംഗയിൽ ചാടി, പിറകെ പിതാവും
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ വാരാണസിയിൽ ജന്മദിനം ആഘോഷിക്കാൻ പിതാവ് പണം നൽകാത്തതിന് കൗമാരക്കാരൻ ഗംഗ നദിയിൽ ചാടി. രാജ്ഘട്ടിലെ മാൽവിയ പാലത്തിൽനിന്നാണ് കൗമാരക്കാരൻ നദിയിൽ ചാടിയത്.
മകനെ രക്ഷിക്കാനായി നദിയിൽ ചാടിയ പിതാവിനെ നാവികർ രക്ഷപ്പെടുത്തി. മകനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എൻ.ഡി.ആർ.എഫ് സംഘം കൗമാരക്കാരനായി തിരച്ചിൽ തുടരുകയാണ്.
മനോജ് കേസരിയുടെ മകൻ അശ്വനി കേസരിയാണ് നദിയിൽ ചാടിയത്. ജന്മദിനം ആഘോഷിക്കാൻ കുടുംബം 2000 രൂപ നൽകാത്തതിനെ തുടർന്ന് അശ്വനി വീടുവിട്ടിറങ്ങുകയായിരുന്നു. തുടർന്ന് രാജ്ഘട്ട് പാലത്തിന് മുകളിലെത്തി നദിയിലേക്ക് ചാടി. മകനെ പിന്തുടർന്നെത്തിയ മനോജും നദിയിലേക്ക് ചാടുകയായിരുന്നു.
മനോജിനെ ചില നാവികർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മനോജിനെ വാരാണസിയിലെ കബീർ ചൗര ഡിവിഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
