ലീവ് നിഷേധിച്ചതിന് നാല് സഹപ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് സർക്കാർ ജീവനക്കാരൻ; രണ്ട് പേരുടെ നില ഗുരുതരം
text_fieldsകൊൽക്കത്ത: ലീവ് നിഷേധിച്ചതിന് നാല് സഹപ്രവർത്തകരെ കുത്തിപരിക്കേൽപ്പിച്ച് സർക്കാർ ജീവനക്കാരൻ. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പശ്ചിമബംഗാൾ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. സംഭവത്തിന് ശേഷം ചോരപുരണ്ട കത്തിയുമായി ഇയാൾ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൊൽക്കത്തയിലെ ന്യുടൗൺ ഏരിയയിലെ സാങ്കേതിക വിഭാഗം വകുപ്പിലാണ് അമിത് സർക്കാർ ജോലി ചെയ്തിരുന്നത്. കുത്തിയതിന് ശേഷം കത്തിയും ബാഗുമായി ഇയാൾ നടന്നു നീങ്ങുകയായിരുന്നു.നോർത്ത് 24 പർഗാന ജില്ലയിൽ നിന്നുള്ളയാളാണ് സർക്കാർ. സാങ്കേതിക വകുപ്പിൽ ജോലി ചെയ്തിരുന്നയാൾ വ്യാഴാഴ്ച രാവിലെ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പരിക്കേറ്റ ജയദേബ് ചക്രബർത്തി, ശാന്തനു ഷാ, സാർത്ത ലാത്തെ, ഷെയ്ഖ് സതാബുൾ എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലീവ് നിഷേധിച്ചതിനാണ് ഇയാൾ കുറ്റകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇയാൾക്ക് ലീവ് നിഷേധിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വ്യക്തതയില്ല.
കൂടുതൽ അന്വേഷണത്തിനായി സർക്കാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. നേരത്തെ ഗുരുഗ്രാമിലും സമാന സംഭവമുണ്ടായിരുന്നു. ജോലി നിലവാരത്തിന്റെ പേരിൽ ഗുരുഗ്രാമിൽ ജീവനക്കാരൻ സഹപ്രവർത്തകനെ കുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

