സുപ്രീം കോടതി വിധിയും വിലപ്പോയില്ല; കടുത്ത നീതി നിഷേധത്തിനിരയായി സക്കരിയ
text_fieldsബംഗളൂരു: 17 വർഷക്കാലമായി ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയക്ക് ഉമ്മയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം പോലും നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം. ബംഗളൂരു സ്ഫോടന കേസിലെ വിചാരണ അധികൃതരുടെ അനാസ്ഥയിൽ നീണ്ടുപോകുന്നതോടെ പ്രതികൾ അകാരണമായി തടവറയിൽ തുടരുകയാണ്.
ബംഗളൂരു സ്ഫോടന കേസിന്‍റെ വിചാരണ ആറുമാസം കൊണ്ട് പൂർത്തിയാക്കണമെന്ന് 2018ൽ കർണാടക ഹൈക്കോടതി രണ്ടുപ്രാവശ്യം വിധി പുറപ്പെടുവിച്ചിരുന്നു. ഏറ്റവുമൊവിൽ സുപ്രീം കോടതി 2025 നവംബറിലും 2026 മാർച്ചിലും രണ്ട് വ്യത്യസ്ത ഉത്തരവുകളിൽ വിചാരണ നടപടിക്രമങ്ങൾ നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു. ഇക്കാലയളവിൽ വിചാരണ പൂർത്തിയായില്ലെങ്കിൽ മറ്റൊന്നും പരിഗണിക്കാതെ പ്രതികൾക്ക് ജാമ്യം നൽകേണ്ടതാണ് എന്ന നിരീക്ഷണവും ജസ്റ്റിസ് സുന്ദരേശ്, ജസ്റ്റിസ് കോഠേശ്വര സിങ് തുടങ്ങിയവരടങ്ങിയ ബെഞ്ച് വിധിപ്രസ്താവത്തിൽ നടത്തിയിരുന്നു.
വാർധക്യത്തിൽ മറ്റൊരു തുണയുമില്ലാതെ ശുചിമുറിയിൽ തെന്നി വീണ് ഇടുപ്പല്ലു പൊട്ടി ചലനശേഷി നഷ്ടപ്പെട്ട് ദിവസത്തിലെ 24 മണിക്കൂറും വ്യക്തിപരമായ ആവശ്യങ്ങൾ നിർവഹിക്കാൻ പോലും പരസഹായം ആവശ്യമായി കഴിയുന്ന സ്വന്തം മാതാവിനെ പരിചരിക്കാൻ സ്വന്തം മകന് താൽക്കാലിക ജാമ്യം അനുവദിക്കാത്ത നടപടി ക്രൂരമായ നീതി നിഷേധമാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ചൂണ്ടിക്കാട്ടി.
ജാമ്യം ലഭിച്ചാൽ പ്രതി കുറ്റകൃത്യത്തിൽ ഇടപെടുമെന്നും മറ്റു പ്രതികളുമായി ബന്ധം സ്ഥാപിക്കും എന്നും ഉള്ള പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നും യു.എ.പി.എ നിയമത്തിലെ കടുത്തതും ക്രൂരവുമായ നിർദേശങ്ങൾ കാരണവുമാണ് സക്കരിയക്ക് ജാമ്യം അനുവദിക്കുന്നത് തടസ്സപ്പെട്ടത്.
നിരപരാധികളായ ന്യൂനപക്ഷ വിഭാഗങ്ങളെ നിയമ നടപടികളിൽ തളച്ചിട്ട് അവരുടെ ജീവിതം തകർക്കാനുള്ള സംഘപരിവാർ ഗൂഢാലോചനക്ക് കൂട്ടുനിൽക്കുകയാണ് കർണാടകത്തിലെ കോൺഗ്രസ് സർക്കാറെന്നും പുതിയ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി ജാമ്യം അനുവദിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു. കർണാടകത്തിലെ കോൺഗ്രസ് സർക്കാറിലും ഹൈക്കമാനഡിലും നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന മുസ്‍ലിം ലീഗ്, 17 വർഷക്കാലമായി വിചാരണ തടവുകാരനായി ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മലപ്പുറം പരപ്പനങ്ങാടിയിലെ സക്കരിയയുടെ കാര്യത്തിൽ കാപട്യം ഇല്ലാത്ത ഇടപെടൽ നടത്തണമെന്ന് റജീബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

