Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസാധു നോട്ട്: എട്ടു...

അസാധു നോട്ട്: എട്ടു ലക്ഷം കോടിയുടെ അഴിമതിയെന്ന് കെജ്രിവാള്‍

text_fields
bookmark_border
അസാധു നോട്ട്: എട്ടു ലക്ഷം കോടിയുടെ അഴിമതിയെന്ന് കെജ്രിവാള്‍
cancel
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നാടകീയമായി നോട്ട് അസാധു പ്രഖ്യാപനം നടത്തിയത് കള്ളപ്പണം പിടികൂടാനല്ല, കോര്‍പറേറ്റുകളുടെ കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാനാണെന്നും എട്ടുലക്ഷം കോടിയുടെ അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കോര്‍പറേറ്റുകള്‍ കടമെടുത്ത് തിരിച്ചുനല്‍കാത്ത അത്രയും പണം ജനങ്ങളുടെ കൈയില്‍നിന്ന് ബാങ്കുകളിലേക്ക് തിരിച്ചുപിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ഈ അഴിമതിയില്‍  എല്ലാവര്‍ക്കും പങ്കുണ്ട്. കോര്‍പറേറ്റ് കള്ളപ്പണക്കാരെ വെറുതെ വിട്ട് സാധാരണക്കാരെ ക്യൂ നിര്‍ത്തിയ മോദിയുടെ നടപടി ദേശസ്നേഹമല്ല, ദേശദ്രോഹമാണെന്നും ഫേസ്ബുക് പേജിലൂടെ നടത്തിയ ലൈവ് ചോദ്യോത്തര പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.  

സഹാറ, ബിര്‍ള കമ്പനികളില്‍നിന്ന് നരേന്ദ്ര മോദി കോടികള്‍ കൈക്കൂലി വാങ്ങിയ വിവരങ്ങള്‍ ആദായനികുതി വകുപ്പിന്‍െറ രേഖകള്‍ സഹിതം ഞങ്ങള്‍ പുറത്തുവിട്ടു. പറഞ്ഞത് തെറ്റാണെങ്കില്‍ നിരപരാധിത്തം തെളിയിക്കണം. എന്നിട്ട്, ഞങ്ങളെ ജയിലിലടയ്ക്കണം. പക്ഷേ, മോദി അന്വേഷണത്തിന് തയാറല്ല. മോദിയുടെ ഭയം പണം വാങ്ങി എന്നതിന്‍െറ തെളിവായാണ് കരുതേണ്ടത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പേര് കോര്‍പറേറ്റുകളുടെ കൈക്കൂലിക്കാരുടെ രണ്ടാം നമ്പര്‍ ബുക്കില്‍ വരുന്നത്. എന്നിട്ടും മോദിയെ പരിശുദ്ധനായി കൊണ്ടുനടക്കുന്നവരായി ബി.ജെ.പി തരംതാണു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് മോദി 20,000 കോടി ചെലവഴിച്ചുവെന്നാണ് പറയുന്നത്.  ഇവയെല്ലാം വെള്ളപ്പണമാണെന്ന് മോദിക്ക് തെളിയിക്കാനാകുമോ? 
 രാഷ്ട്രീയപാര്‍ട്ടികളുടെ പക്കലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത്. ‘ആപി’ന്‍െറ വരവു ചെലവ് ഞങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്.  അതുപോലെ ബി.ജെ.പിയും കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും ചെയ്യാന്‍ തയാറുണ്ടോ? കള്ളപ്പണം പിടിക്കാന്‍ മോദി 50 ദിവസത്തെ സമയം ചോദിച്ചിട്ട് 10 ദിവസം കഴിഞ്ഞു. ഇതുവരെ എത്ര കോടി കള്ളപ്പണം കിട്ടിയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഒന്നും കിട്ടിയിട്ടില്ല. കിട്ടുകയുമില്ല. 

അഴിമതി നിര്‍ത്താതെ കള്ളപ്പണം അവസാനിക്കില്ല. നോട്ട് നിര്‍ത്തിയത് കൊണ്ടുമാത്രം അഴിമതി അവസാനിക്കില്ല. 2000ന്‍െറ നോട്ടിറക്കിയ മോദി അഴിമതിക്കാരെ സഹായിക്കുകയാണ് ചെയ്തത്. കള്ളപ്പണക്കാരെ പിടികൂടാന്‍ ലക്ഷ്യമിട്ട് സ്വിസ് ബാങ്കില്‍നിന്ന് ലഭിച്ച അറുന്നൂറിലേറെ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടണം. പണം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. എങ്കില്‍ താനും മോദിക്കുവേണ്ടി ജയ് വിളിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍ അപവാദങ്ങളുടെ മൊത്തക്കച്ചവടക്കാരനെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണശരങ്ങളുമായി ബി.ജെ.പി രംഗത്ത്. കെജ്രിവാളിന്‍െറ ആരോപണങ്ങള്‍ ലജ്ജയില്ലാത്ത നുണകളുടെ മാറാപ്പാണെന്നും മുഖ്യമന്ത്രി ഡല്‍ഹിയിലെ അപവാദപ്രചാരണത്തിന്‍െറ മൊത്തക്കച്ചവടക്കാരനായി മാറിയിരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.  നേരത്തെയുള്ളതുപോലെ കല്ലുവെച്ച നുണകളാണ് കെജ്രിവാള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിനു മറുപടി നല്‍കുന്നതിന് തങ്ങളുടെ മാന്യത അനുവദിക്കുന്നില്ളെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

രാജ്യത്തെ കറന്‍സി അസാധുവാക്കല്‍ പൊതുജനത്തിന്‍െറ നിക്ഷേപം ഉപയോഗപ്പെടുത്തി കോര്‍പറേറ്റ് കുത്തകകളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുവേണ്ടിയാണെന്നും അല്ലാതെ കള്ളപ്പണമായി നയാപൈസപോലും കണ്ടുകെട്ടാനല്ളെന്നുമായിരുന്നു കെജ്രിവാള്‍ ഉയര്‍ത്തിയ ആരോപണം. രാജ്യം നടത്തിയ മിന്നലാക്രമണത്തിന്‍െറ തെളിവ് ആവശ്യപ്പെട്ട് ചോദ്യംചെയ്ത വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് എന്തും ചെയ്യാം -രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. കറന്‍സി അസാധുവാക്കിയ നടപടി പൂര്‍ത്തിയാകുന്നതോടെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഒളിപ്പിച്ചുവെച്ച കണക്കില്‍പെടാത്ത പണം പുറത്തത്തെുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

Show Full Article
TAGS:kejriwal demonetisation 
News Summary - Demonetisation decision was to create black money: Kejriwal
Next Story