‘സമരം നിരോധിച്ചിടത്ത് തന്നെ ഞങ്ങൾ സമരം ചെയ്യും’ ഡൽഹിയിൽ പോരാട്ടവീര്യത്തോടെ കേരള എം.പിമാർ
text_fieldsന്യൂഡൽഹി: എസ്.ഐ.ആർ റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ നടത്തുന്ന പ്രക്ഷോഭത്തിൽ സമരവീര്യവുമായി കേരളത്തിൽ നിന്നുള്ള എം.പിമാരും. നിർത്തി പോകാൻ കഴിയാവുന്ന ഒരു സമരമല്ല ഇതെന്നും രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ സമരത്തിന് തുടർച്ച ഉണ്ടായേ പറ്റൂ എന്നും പ്രക്ഷോഭസ്ഥലത്തേക്ക് പോകവേ ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു. കേരളത്തിൽനിന്നുള്ള എം.പിമാർ സഞ്ചരിച്ച ബസിൽനിന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
‘ഈ സമരം രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും ഉണ്ടായേ പറ്റൂ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഉജ്ജ്വല സമരത്തിനു ശേഷം ഇന്നും സമര രംഗത്തേക്കാണ്. എംപിമാർ ഉൾപ്പെടെയുള്ളവരുടെ സമരവേദിയിലേക്കുള്ള യാത്രയെ പോലും തടസ്സപ്പെടുത്താൻ നിരന്തരം പരിശ്രമിക്കുന്നത് കൊണ്ടാണ് നേരത്തെ തന്നെ ഇത് ഡിക്ലയർ ചെയ്യാതിരുന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. പക്ഷേ ഇലക്ഷൻ കമ്മീഷനിലേക്ക് എത്തുന്നതിനു മുൻപ് തന്നെ ആ മാർച്ചിനെ തടയുന്നത് നിങ്ങൾ കണ്ടു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് മുന്നോട്ടു പോയേ പറ്റൂ. സമര രംഗത്ത് തുടർന്നേ പറ്റൂ’ -അദ്ദേഹം പറഞ്ഞു.
സമരം നിരോധിച്ചിടത്ത് തന്നെ തങ്ങൾ സമരം ചെയ്യുമെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. ‘ഞങ്ങൾ സമര രംഗത്താണ്. ഇവിടെ പൗരാവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇത്രയും സുപ്രധാനമായ വിഷയത്തിൽ ഞങ്ങളോട് സമരം ചെയ്യരുതെന്ന് പറഞ്ഞാൽ അത് കേൾക്കാൻ നിൽക്കുന്നവരല്ല ഞങ്ങൾ. സമരം ചെയ്യും. സമരം നിരോധിച്ചിരിക്കുന്നിടത്ത് തന്നെ ഞങ്ങൾ സമരം ചെയ്യും’ -അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാർ രാജിവെക്കണം എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ ബസ്സിനു മുന്നിൽ പിടിച്ചുകൊണ്ടായിരുന്നു യാത്ര. . മൂന്ന് ബസുകളിലായാണ് എം.പിമാർ ജന്തർ മന്തറിലേക്ക് യാത്ര തിരിച്ചത്. അവിടേക്കുള്ള പ്രധാന വഴി പൊലീസ് അടച്ചതിനാൽ മറ്റൊരു വഴിയിലൂടെയാണ് ജന്തർ മന്തറിലേക്ക് പോയത്.
ആദ്യത്തെ ബസ്സിലാണ് മലയാളി എം.പിമാരിൽ അധികവും ഉണ്ടായിരുന്നത്. മൂന്നാമത്തെ ബസ്സിലാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലുകാർജുനും ഖാർഗെയും സഞ്ചരിച്ചത്. ഈ ബസ് തടഞ്ഞ് രാഹുലിനെ പൊലീസ് ബലംപ്രയോഗിച്ച് വാനിലേക്ക് കയറ്റി.
ഇന്നലെ മണിക്കൂറുകളോളം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആകാശവാണി ഭവനിൽ എംപിമാർ എല്ലാവരും ഒരുമിച്ചിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇന്നലെ രാത്രി ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് ആ പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

