ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കൂറ്റൻ റാലി; കാർഗിലിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു
text_fieldsകാർഗിൽ: ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരക്കണക്കിന് ആളുകൾ ബുധനാഴ്ച മാർച്ച് നടത്തി. മാർച്ചിനെ തുടർന്ന് കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. അതിനിടെ, കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ പാരിസ്ഥിതിക ദുർബലതയെയും അതുല്യമായ തദ്ദേശീയ ഗോത്ര സംസ്കാരം സംരക്ഷിക്കുന്നതിന്റെയും ആവശ്യകത കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്താനായി കാലാവസ്ഥ പ്രവർത്തക സോനം വാങ്ചുക് ലേയിൽ നടത്തുന്ന നിരാഹാര സമരം 15 ദിവസം പിന്നിട്ടു.
വാങ്ചുകിന് ഐക്യദാർഢ്യവുമായി കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെ നേതൃത്വത്തിൽ നഗരത്തിൽ അർധദിന പണിമുടക്കും പ്രതിഷേധ റാലിയും നടന്നു. നിരവധി ആളുകളാണ് ഫാത്തിമ ചൗക്കിൽനിന്ന് ഹുസൈനി പാർക്കിലേക്ക് നടന്ന റാലിയിൽ പങ്കെടുത്തത്. ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണ ഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തു എന്നീ ആവശ്യങ്ങൾ റാലിയിൽ പങ്കെടുത്തവർ ഉന്നയിച്ചു. നാലുവർഷമായി ഈ ആവശ്യം ഉയർന്നുവന്നിട്ട്.
വിവിധ രാഷ്ട്രീയ,സാമൂഹിക, മത സംഘടനകളും റാലിയിൽ പങ്കെടുത്തു. 2019ൽ ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതോടെ സംസ്ഥാനശത്ത ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു. സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും ലഡാക്കിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട്. അനിശ്ചിത കാല നിരാഹാര സമരങ്ങളുൾപ്പെടെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

