വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു; പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തം, കോടതി തീരുമാനിക്കട്ടെയെന്ന് മന്ത്രി
text_fieldsമംഗളൂരു: ധർമ്മസ്ഥലയിൽ 11 വർഷം മുമ്പ് കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ, കേസ് പുനരന്വേഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു. ബി.ജെ.പി ദക്ഷിണ കന്നട, ഉഡുപ്പി ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ ബെൽത്തങ്ങാടി താലൂക്ക് ഓഫിസ് മാർച്ച് നടത്തി. പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പി ഉദ്ഘാടനം ചെയ്തു. രണ്ട് ജില്ലകളിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എമാർ പങ്കെടുത്തു.
ഈ ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകൾ ക്ഷോഭത്തിലാണ്. പ്രദേശവാസികളായ സമാനമനസ്കർ തിങ്കളാഴ്ച സംഘടിപ്പിച്ച റാലി മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വസന്ത ബങ്കര ഉദ്ഘാടനം ചെയ്തു. ഇരയുടെ മാതാവ്, വല്യച്ഛൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള, മഹേഷ് തിമ്മറോഡി എന്നിവർ സംസാരിച്ചു.
2012 ഒക്ടോബർ ഒമ്പതിനാണ് ഉജ്റെ ശ്രീ ധർമ്മസ്ഥല മഞ്ചുനാഥേശ്വര കോളജിൽ രണ്ടാം വർഷ പിയു വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കോളജ് വിട്ട് വീട്ടിലെത്താത്ത കുട്ടിയുടെ നഗ്ന ജഡം പിറ്റേന്ന് നേത്രാവതി നദിക്കരയിൽ വിജനസ്ഥലത്ത് കൈകൾ ചുരിദാർ ഷാൾ കൊണ്ട് പിറകിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവിന്റെ പരാതിയിൽ കേസെടുത്ത ധർമ്മസ്ഥല പൊലീസ്
പരിസരത്ത് സംശയ സാഹചര്യത്തിൽ കണ്ടെത്തിയ സന്തോഷ് റാവു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 11 വർഷത്തിനിടെ ലോക്കൽ പൊലീസും സി.ഐ.ഡിയും ഒടുവിൽ സി.ബി.ഐയും അന്വേഷിച്ചു. ജൂൺ 16നാണ് പ്രതിയെ ബംഗളൂരു സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടത്.
ശരിയായ രീതിയിൽ അന്വേഷണം നടക്കാത്തതാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് സമരക്കാർ ആരോപിച്ചു. സംഭവത്തിന് പിറകിലെ യഥാർത്ഥ കുറ്റവാളികൾ പുറത്താണെന്ന ആക്ഷേപവുമുണ്ട്. ധർമ്മസ്ഥലയിലെ ആൾദൈവത്തിനെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്. അദ്ദേഹവും കേസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ, പുനരന്വേഷണം നടത്താൻ സർക്കാറിന് നേരിട്ട് ഉത്തരവിടാൻ കഴിയില്ലെന്ന് ആഭ്യന്തര ഡോ.ജി.പരമേശ്വര പറഞ്ഞു. ജില്ലയിൽ പര്യടനത്തിനിടെ അരസിക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സിബിഐക്ക് കൈമാറിയത് മുൻ കോൺഗ്രസ് സർക്കാറാണ്. സി.ബി.ഐ പ്രത്യേക കോടതിയാണ് പ്രതിയെ വിട്ടയച്ചത്. ഇനിയും അന്വേഷണം വേണമെങ്കിൽ കോടതി ആവശ്യപ്പെടണം. കോടതി വിധിക്കെതിരെ അപ്പീൽ പോവുകയാണ് ആവശ്യം ഉന്നയിക്കുന്നവർ ചെയ്യേണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

